12 November Tuesday

സാമ്പത്തിക പ്രതിസന്ധിയിൽ മിണ്ടാതെ അഭിജിത്‌ ബാനർജി; പ്രധാനമന്ത്രിയെ സന്ദർശിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019

ന്യൂഡൽഹി >  രാജ്യത്തെ നിലവിലെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന്‌ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി നൊബേൽ ജേതാവ്‌ അഭിജിത്‌ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ്‌ ഇന്ത്യയുടെ നിലവിലെ സാമ്പത്തികാവസ്ഥയോട്‌ പ്രതികരിക്കാൻ ബാനർജി വിസമ്മതിച്ചത്‌. ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ ഏറെ പിന്നോക്കമായതിനോട്‌ പ്രതികരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. നൊബേൽ കിട്ടിയതിന്‌ പിന്നാലെ ഇന്ത്യയുടെ സാമ്പത്തികാവസ്ഥ തീർത്തും മോശമാണെന്ന്‌ ബാനർജി പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രിയുമായി ഇത്തരമൊരു കൂടിക്കാഴ്‌ച നടത്താനായത്‌ സൗഭാഗ്യമാണ്‌.  രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥയെക്കുറിച്ച്‌ ചോദ്യമുയർന്നപ്പോൾ താനതിനോട്‌ പ്രതികരിക്കില്ലെന്നും കൂടുതൽ വ്യക്തമായ ചോദ്യം ഉന്നയിക്കാനും ബാനർജി പറഞ്ഞു. പോഷകാഹാരക്കുറവിനെ ഇന്ത്യ നേരിടുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ പകുതി നിറഞ്ഞതും പകുതി കാലിയായതുമായ ഒരു ഗ്ലാസിന്റെ നല്ല ഉദാഹരണമാണെന്നായിരുന്നു മറുപടി. രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. നല്ല കൂടിക്കാഴ്‌ചയായിരുന്നുവെന്ന്‌ മോഡി പിന്നീട്‌ ട്വിറ്ററിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top