21 November Thursday

പിയൂഷ്‌ ഗോയൽ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്‌തു; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ : അഭിജിത്‌ ബാനർജി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

ന്യൂഡല്‍ഹി > കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി.

ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സാമ്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പദ്ധതികളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാറുണ്ട്. നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഉപഭോഗം കുറയകയാണെന്ന് ദേശീയ സാമ്പള്‍ സര്‍വേയുടെ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഭാര്യ എസ്‌താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.


പ്രധാന വാർത്തകൾ
 Top