Deshabhimani

അതിഷി ഡൽഹി മുഖ്യമന്ത്രിയാവും, ധാരണയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 11:54 AM | 0 min read

ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മർലേനയെ നിർദ്ദേശിച്ചു. എ എ പി എംഎൽഎമാരുടെ യോഗത്തിൽ അതിഷിയുടെ പേർ അംഗീകരിച്ചു. അരവിന്ദ് കെജ്രിവാൾ തന്നെയാണ് അതിഷിയുടെ പേർ നിർദ്ദേശിച്ചത്. കെജ്രിവാൾ ഇന്ന് നാലുമണിയോടെ രാജി ഔദ്യോഗികമായി നൽകും എന്നാണ് അറിയിച്ചിട്ടുള്ളത്.

ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി വനിതാ മുഖ്യമന്ത്രിയാവുന്ന വനിതയാണ്. അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒരാളുടെ പേര് മുന്നോട്ട് വെക്കാന്‍ പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെജ്‌രിവാള്‍ അതിഷിയെ നിര്‍ദേശിക്കുകയായിരുന്നു. മറ്റു എംഎല്‍എമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ അതിഷി എഎപിയുടെ നിയമസഭാ കക്ഷി നേതാവായി മാറി.

കെജ്‌രിവാൾ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയാണ് എഎപി മുതിർന്ന നേതാവായ അതിഷി. കൽക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാർട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്കരണം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്‌രിവാവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെയാണ് 43 കാരിയായ അതിഷി മന്ത്രി സഭയിൽ എത്തുന്നത്. പിന്നീട് സുപ്രധാന വകുപ്പുകൾ അതിഷിക്ക് കൈകാര്യം ചെയ്യേണ്ടതായി വന്നു. വിദ്യാഭ്യാസം, ടൂറിസം, കല, സാംസ്കാരികം, ഭാഷ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി എന്നീ വകുപ്പുകൾ നിലവിൽ അതിഷി കൈകാര്യം ചെയ്യുന്നുണ്ട്.

ബാക്കിയുള്ളത് അഞ്ച് മാസം

കെജ്‌രിവാൾ ജയിലിയാതോടെ സർക്കാരിന്റെ പ്രധാനമുഖമായി അതിഷി മാറി. കെജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനും അതിഷി മുന്നിട്ടിറങ്ങി. നിലവിൽ സിസോദിയ കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സുപ്രധാന സ്ഥാനത്തിരിക്കുന്നയാളാണ് അതിഷി.

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കങ്ങൾ. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അരവിന്ദ് കെജ്രിവാൾ രാജിക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു.

മനീഷ് സിസോദിയയുടെ വീട്ടിൽ വെച്ച് ചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണ് കെജ്‌രിവാള്‍ രാജിക്കാര്യം പാർട്ടി വേദിയിൽ അറിയിച്ചത്. എന്നാൽ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം. നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡൽഹിയേയും പരിഗണിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

നവംബർ വരേയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരേയോ ആയിരിക്കും പുതിയ മുഖ്യമന്ത്രി പദവിയിൽ ഉണ്ടാവുക. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ പദവിയിലേക്ക് തെരഞ്ഞെടുപ്പ് വഴിയല്ലാതെ ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home