Deshabhimani

തുറന്നതിന് പിന്നാലെ പൂട്ട് വീണ് ഗുജറാത്തിലെ വ്യാജ ഡോക്ടർമാരുടെ ആശുപത്രി

വെബ് ഡെസ്ക്

Published on Nov 19, 2024, 08:53 PM | 0 min read

സൂറത്ത് > ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡോക്ടർമാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. തൊട്ടടുത്ത ദിവസം തന്നെ അധികൃതർ ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിയുടെ ഉദ്ഘാടന നോട്ടീസിൽ അനുമതിയില്ലാതെ അഥിതികളായി ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ പേരും ചേർത്തിരുന്നതായി പൊലീസ് പറഞ്ഞു. ഉദ്ഘാടനത്തിന് അടുത്ത ദിവസം തന്നെ ആശുപത്രി പൂട്ടിയതിനാൽ ആരുടെയും ജീവൻ അപകടത്തിലായില്ല. ആശുപത്രിയുടെ സ്ഥാപകരിൽ രണ്ട് പേരുടെ ഡോക്ടർ ബിരുദം വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് മൂന്ന് പേരുടെ ബിരുദം സംബന്ധിച്ച പരിശോധനകൾ നടന്ന് വരികയാണ്.

സൂറത്തിലെ പണ്ഡേസരയിൽ  ജനസേവ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന പേരിൽ ഞായറാഴ്ചയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ആശുപത്രിയുടെ സ്ഥാപകരിൽ ഒരാളായ ബി ആർ ശുക്ല ആയുർവേദ ഡോക്ടറാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇയാൾക്കെതിരെ ഗുജറാത്ത് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് പ്രകാരം കേസുണ്ടെന്നും വ്യാജ ഡോക്ടറാണെന്നും പൊലീസ് പറഞ്ഞു. ആശുപത്രി സ്ഥാപകരിൽ ഒരാൾക്കുള്ളത് ഇലക്ട്രോ- ഹോമിയോപതിയിൽ വ്യാജ ബിരുദമാണ്. മറ്റൊരു സ്ഥാപകനായ ജിപി മിശ്രയ്‌ക്കെതിരെ നിരോധന നിയമപ്രകാരം മൂന്ന് കേസുകളുണ്ട്. ഇയാളുടെ ബിരുദത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും പൊലീസ് പറഞ്ഞു.

സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ, പോലീസ് കമ്മീഷണർ അനുപം സിംഗ് ഗഹ്‌ലൗട്ട്, ജോയിന്റ് പോലീസ് കമ്മീഷണർ രാഘവേന്ദ്ര വത്സ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉദ്ഘാടന ക്ഷണത്തിലുണ്ടായിരുന്നുവെങ്കിലും അത്തരത്തിലുള്ള ഒരു  പരിപാടിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരാരും പരിപാടിയിൽ പങ്കെടുത്തിരുന്നുമില്ല. ആശുപത്രി പൂട്ടി സീലുവെച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വിജയ് സിംഗ് ഗുർജാർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home