27 June Thursday

ആദിവാസി ക്ഷേമ പദ്ധതി: 100 കോടിയുടെ അധിക സഹായം ലഭ്യമാക്കണം: എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി> ആദിവാസി ക്ഷേമ പദ്ധതികൾക്ക് 100 കോടി രൂപ അധിക കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന‌് പട്ടികജാതി–-വർഗ ക്ഷേമ മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു. കേരളത്തിലെ ആദിവാസിമേഖലയിൽ നടപ്പാക്കുന്ന ഗോത്രബന്ധു, സാമൂഹ്യ പഠനമുറി, മില്ലറ്റ് വില്ലേജ് തുടങ്ങിയ പദ്ധതികൾക്കായി അധിക സഹായംവേണമെന്ന‌് കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി അർജുൻ മുണ്ടയുമായുള്ള കൂടിക്കാഴ‌്ചയിൽ ബാലൻ അറിയിച്ചു.

പ്രൈമറി സ്‌കൂളുകളിൽ പട്ടികവർഗ വിദ്യാർഥികൾക്ക‌ായി ഗോത്രഭാഷ ഉൾപ്പെടുത്തുന്നതുൾപ്പെടെ കൊഴിഞ്ഞുപോക്ക് കുറയ‌്ക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുമുള്ള പദ്ധതിയാണ‌് ഗോത്രബന്ധു. അതത് ഗോ ത്രവർഗമേഖലയിലെ ടിടിസി, ബിഎഡ് യോഗ്യതയുള്ള യുവാക്കളെ പ്രൈമറി അധ്യാപകരായും വിദ്യാഭ്യാസ ഉപദേശകരായും നിയമിക്കുന്നു. വയനാട് ജില്ലയിലും അട്ടപ്പാടിയിലും ഇതിനകം 267 ആദിവാസി യുവാക്കളെ ഇപ്രകാരം നിയമിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷംതന്നെ കേരളത്തിലെ മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന‌് മന്ത്രി പറഞ്ഞു.

ആദിവാസി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകളോട് ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ‌് സാമൂഹ്യ പഠനമുറി. ഇത്തരത്തിൽ 1000 സാമൂഹ്യ പഠനമുറി സർക്കാർ നിർമിക്കുന്നതിൽ 100 എണ്ണത്തിന്റെ നിർമാണം പൂർത്തിയായതായും മന്ത്രി പറഞ്ഞു.ഗോത്രവർഗക്കാരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഗോത്ര ഭക്ഷ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിൽ നടപ്പാക്കുന്ന മില്ലറ്റ് വില്ലേജ് പദ്ധതിയെക്കുറിച്ചും അർജുൻ മുണ്ടയെ ബാലൻ ധരിപ്പിച്ചു.

ആദിവാസികളുടെ പുനരധിവാസം, ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികവികസനം എന്നിവ ഉൾപ്പെടെ പ്രാക്തന ഗോത്രവർഗക്കാരടക്കം എല്ലാ ആദിവാസികളുടെയും പുരോഗതി ലക്ഷ്യമാക്കിയുള്ള കേരളത്തിന്റെ നൂതനമായ പദ്ധതികളോട് അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രിയിൽനിന്ന‌് ഉണ്ടായതെന്ന്  ബാലൻ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top