Deshabhimani

ഗുജറാത്തിൽ പ്ലസ്‌ടു തോറ്റ വിദ്യാർഥിക്ക് നീറ്റിൽ 705 മാർക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 08:51 PM | 0 min read

ന്യൂഡൽഹി > ഗുജറാത്തിൽ പ്ലസ്‌ടുവിന്‌ ഫിസിക്‌സിന്‌ തോറ്റ കുട്ടിക്ക്‌ നീറ്റ്‌ പരീക്ഷയിൽ 720ൽ 705 മാർക്ക്‌ കിട്ടിയതായി റിപ്പോർട്ട്‌. ഗുജറാത്ത്‌ ഹയർസെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്‌ടു പരീക്ഷയിൽ 700ൽ 352 മാർക്ക്‌ മാത്രം ലഭിച്ച കുട്ടിക്കാണ്‌ നീറ്റിന്‌ 705 മാർക്ക്‌ കിട്ടിയത്‌. ഈ കുട്ടിക്ക്‌ പ്ലസ്‌ടു പരീക്ഷയിൽ ഫിസിക്‌സിന്‌ 21, കെമിസ്‌ട്രിക്ക്‌ 31, ബയോളജിക്ക്‌ 39, ഇംഗ്ലീഷിന്‌ 59 എന്നിങ്ങനെയാണ്‌ മാർക്ക്‌. എന്നാൽ നീറ്റ്‌ പരീക്ഷയിൽ ഫിസിക്‌സിന്‌ 99.8 ശതമാനവും കെമിസ്‌ട്രിക്കും ബയോളജിക്കും 99.1 ശതമാനം വീതവും ലഭിച്ചു. സുപ്രീംകോടതി നിർദേശാനുസരണം ദേശീയ ജമെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്‌ യുജി) പരീക്ഷാകേന്ദ്രം തിരിച്ചുള്ള  ഫലം പുറത്തുവിട്ടതോടെയാണ്‌ ക്രമക്കേടിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നത്‌.

രാജസ്ഥാനിലെ സിക്കറിൽ നീറ്റ്‌ പരീക്ഷ എഴുതിയ നാലായിരത്തിലേറെ വിദ്യാർഥികൾ 720ൽ 600ൽ കൂടുതൽ മാർക്ക്‌ നേടി. നിരവധി നീറ്റ്‌ പരിശീലനകേന്ദ്രങ്ങളുള്ള സിക്കറിലെ പരീക്ഷാകേന്ദ്രങ്ങളിൽ ശരാശരി 75 പേർ വീതം 600ലേറെ മാർക്ക്‌ നേടി ജയിച്ചിട്ടുണ്ട്‌. ദേശീയ ശരാശരിയേക്കാൾ ഉയർന്ന വിജയനിരക്കാണിത്‌. ആരവല്ലി പബ്ലിക് സ്‌കൂൾ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതിയ 90ലേറെ വിദ്യാർഥികൾ 600 ലേറെ മാർക്ക്‌ നേടി. ഏഴ്‌ പേർക്ക്‌ എഴുന്നൂറിൽ കൂടുതൽ മാർക്കുണ്ട്‌. ഗുരുകുൽ ഇന്റർനാഷണൽ സ്‌കൂൾ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരിൽ 132 പേർക്കും മോദി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി സെന്ററിൽ 110 പേർക്കും മംഗൾചന്ദ്‌ ദിവാനിയ വിദ്യാ സെന്ററിൽ 115 പേർക്കും 600ലേറെ മാർക്ക്‌ ലഭിച്ചു. 75 ലേറെ പേർക്ക്‌ 600ലേറെ മാർക്ക്‌ ലഭിച്ച മറ്റ്‌ അഞ്ച്‌ പരീക്ഷാകേന്ദ്രങ്ങൾ കൂടി സിക്കറിലുണ്ട്‌. 27000ത്തിലേറെ പേരാണ്‌ സിക്കറിൽ നീറ്റ്‌ പരീക്ഷ എഴുതിയത്‌. ഇതിൽ 4200 ലേറെ പേർക്ക്‌ 600ൽ കൂടുതൽ മാർക്ക്‌ ലഭിച്ചു. 2037 പേർക്ക്‌ മാർക്ക്‌ 650ൽ ഏറെയാണ്‌.



deshabhimani section

Related News

0 comments
Sort by

Home