23 October Wednesday

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം: ശുചീകരണ തൊഴിലാളികളുൾപ്പെടെ 7 പേർ ശ്വാസംമുട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

മുംബൈ> ഗുജറാത്തിൽ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഹോട്ടൽ തൊഴിലാളികളും ശുചീകരണ തൊഴിലാളികളുൾപ്പെടെ 7 പേർ ശ്വാസംമുട്ടി മരിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് ഇവർ ടാങ്ക് ക്ലീൻ ചെയ്യുന്നതിനായി ടാങ്കിനുള്ളിൽ ഇറങ്ങിയത്. വഡോദരയിൽനിന്നും 35 കിലോമീറ്റർ അകലെയുള്ള ഫാർടിക്യ വില്ലേജിലെ ദർശൻ ഹോട്ടലിലാണ് സംഭവം.

മഹേഷ് പഠൻവാടിയ, അശോക് ഹരിജൻ, ബ്രിജേഷ് ഹരിജൻ, മഹേഷ് ഹരിജൻ എന്നീ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. അവരോടൊപ്പം ഹോട്ടൽ തൊഴിലാളികളായ അജയ് വാസവ(24), വിജയ് ചൗഹാൻ(22), സഹദേവ് വാസവൻ(22) എന്നിവരും മരണപ്പെട്ടു.

ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത് മഹേഷ് പഠൻവാടിയയാണ്. എന്നാൽ പിന്നീട് പ്രതികരണം ഒന്നും ഇല്ലാതായതോടെ അശോക് ഹരിജൻ, ബ്രിജേഷ് ഹരിജൻ, മഹേഷ് ഹരിജൻ എന്നിവരും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാതായതോടെയാണ് ഹോട്ടൽ തൊഴിലാളികളായ മൂന്നുപേരും ടാങ്കിൽ ഇറങ്ങിയത്.

സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് എടുത്തു.


പ്രധാന വാർത്തകൾ
 Top