21 February Friday

ലോകത്ത്‌ ജീവിക്കാൻ വകയില്ലാതെ 63 കോടി തൊഴിലാളികൾ; വികസ്വരരാജ്യങ്ങളിൽ തൊഴിലില്ലായ്‌മ വർധിക്കുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

ന്യൂഡൽഹി >  ലോകത്ത്‌ 63 കോടി തൊഴിലാളികൾ നിത്യവൃത്തിക്കാവശ്യമായ  പ്രതിഫലംപോലും കിട്ടാത്തവരാണെന്ന്‌ റിപ്പോർട്ട്‌. അഞ്ചിലൊന്നു വീതം തൊഴിലാളികളുടെ പ്രതിദിനവേതനം 3.20 ഡോളറിൽ (230 രൂപ)യിൽ താഴെയാണെന്ന്‌ രാജ്യാന്തര തൊഴിൽസംഘടന(ഐഎൽഒ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

തൊഴിൽകമ്പോളത്തിൽ അസമത്വം പെരുകുകയാണ്‌. തൊഴിലില്ലായ്‌മ വികസ്വരരാജ്യങ്ങളിൽ  വർധിക്കുന്നു. 330 കോടി പേർക്ക്‌ അർഹമായ പ്രതിഫലമോ മാന്യമായ ജീവിതസാഹചര്യമോ ഇല്ല. വികസ്വരരാജ്യങ്ങളിൽ അനൗപചാരിക മേഖലയിൽ പണിയെടുക്കുന്നത്‌ 140 കോടി ആളുകളാണ്‌. വീട്ടിലെ  ജോലികൾ, കുടുംബസംരംഭങ്ങൾ എന്നിവയിൽ  വളരെ തുച്ഛമായ പ്രതിഫലമാണുള്ളത്‌. കരാർജോലികളും താഴ്‌ന്ന വരുമാനവും അരക്ഷിതത്വം വളർത്തുന്നു.

കഴിഞ്ഞ വർഷം ആഗോളതലത്തിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 5.4 ശതമാനമായിരുന്നു. ഇതു കുറയാൻ സാധ്യതയില്ല. 18.8 കോടി പേർ പൂർണ തൊഴിൽരഹിതരാണ്‌. 16.5 കോടി പേർക്ക്‌ ആവശ്യമായ തോതിൽ തൊഴിൽ ലഭിക്കുന്നില്ല. വികസിത രാജ്യങ്ങളിൽ തൊഴിൽപരമായ  ഉൽപ്പാദനക്ഷമത കുറയുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന്‌ തൊഴിലില്ലായ്‌മനിരക്ക്‌ ഉയരുന്നു.

താഴുന്ന സാമ്പത്തികവളർച്ചയും വളർച്ചയുടെ ഗുണം എല്ലാവർക്കും ലഭ്യമാകാത്തതും ദാരിദ്ര്യം വർധിപ്പിക്കുന്നു. തൊഴിലിൽ വൻതോതിൽ അസമത്വം നിലനിൽക്കുന്നു. ലോകത്ത്‌ വിവിധ  മേഖലകളിൽ പ്രതിഷേധങ്ങളുടെ എണ്ണം വർധിച്ചുവരുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ അസംതൃപ്‌തി പടരുകയാണെന്നും റിപ്പോർട്‌ വ്യക്തമാക്കുന്നു.


പ്രധാന വാർത്തകൾ
 Top