18 July Thursday

പാർലെ-ജിയുടെ ഫാക്ടറിയിൽ ബാലവേല: 13 മുതൽ 17 വയസ്സുവരെയുള്ള 26 കുട്ടികളെ മോചിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

റായ്പുര്‍> പ്രമുഖ ബിസ്ക്കറ്റ് നിർമാണ കമ്പിനിയായ പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സർക്കാരിന്റെ ദൗത്യ സേന നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. വിധൻസഭ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓ അശ്വനി റാത്തോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് രക്ഷപെട്ടവരിൽ ഏറെയും. ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തി ജോലി ചെയ്തിരുന്നതായി ജില്ലാ ബാലാവകാശ സംരക്ഷണ ഉദ്യോഗസ്ഥൻ നവനീത് സ്വൻകാർ പറഞ്ഞു. റായ്പുരിലെ അമസിവ്‌നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് ലഭിച്ചതോടെയാണ് സേന പരിശോധനക്കായുള്ള നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു ഇത്.

കുട്ടികൾ നൽകിയ വിവരങ്ങൾ പ്രകാരം രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാണ് ഇവർ ജോലി ചെയ്തിരുന്നത്. 5000 മുതൽ 7000 രൂപ വരെയാണ് ഇവർക്ക് വേതനം നൽകിയിരുന്നത്.

രക്ഷിച്ചെടുത്ത കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫാക്ടറി ഉടമയ്ക്കെതിരെ ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top