18 September Wednesday

സമ്പദ്‌രംഗം ഇരുട്ടിലേക്ക്‌; തമിഴ്‌നാട്ടിൽ 225 തുണിമില്ലുകൾ പൂട്ടി

എസ്‌ സൈലേഷ്‌കുമാർUpdated: Friday Aug 23, 2019

കോയമ്പത്തൂർ > തമിഴ്‌നാട്ടിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 225 തുണിമില്ലുകള്‍ പൂട്ടി. 1.20 ലക്ഷംപേർക്ക്‌ പ്രത്യക്ഷത്തിൽ തൊഴിൽ നഷ്ടമായി. അനുബന്ധമേഖലയിൽ 10 ലക്ഷത്തോളംപേര്‍ക്കും ജോലി പോയി. ഇവരിൽ വലിയൊരുവിഭാഗം മലയാളികളാണ്‌. തുണിമിൽ മേഖലയുമായി ബന്ധപ്പെട്ട പരുത്തി കൃഷി, കൈത്തറി, ഡെയിങ് മേഖലകളെയും പ്രതിസന്ധി ബാധിച്ചു. 
ആഭ്യന്തരവിപണിയില്‍ പരുത്തിക്ക് അഞ്ച്‌ ശതമാനവും പോളിസ്റ്ററിന്‌ 15 ശതമാനവും നികുതി ഈടാക്കുമ്പോൾ ബംഗ്ലാദേശിൽനിന്ന്‌ ഇന്ത്യയിലേക്ക് നികുതി ഇല്ലാതെയാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യയിൽനിന്നുള്ള നൂൽ ഇറക്കുമതി ചൈന അത്‌ നിർത്തിയതും  വൻ  തിരിച്ചടിയായി. ഷിഫ്റ്റുകൾ വെട്ടിക്കുറച്ചും ഉൽപ്പാദനം കുറച്ചും പ്രതിസന്ധി മറികടക്കാനുള്ള വൻകിട കമ്പനികളുടെ ശ്രമം ഫലംകാണുന്നില്ല. 
രാജ്യത്തെ തുണിവ്യവയായ മേഖലയിലെ 70 ശതമാനവും പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലാണ്.  രണ്ടായിരത്തിലധികം കമ്പനികളാണ്‌ ഇവിടെയുള്ളത്‌. തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ്  മേഖലയില്‍മാത്രം 35 മില്ലുകൾ പൂട്ടി.  വ്യവസായത്തിന്‌ മൂന്നുവർഷത്തേക്ക്‌  വായ്പാ  മൊറോട്ടോറിയം വേണമെന്ന  മിൽ ഉടമകളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.  ബാങ്കുകളിൽനിന്ന്‌ വായ്പയെടുത്ത് പരുത്തി വാങ്ങുമ്പോൾ 18 ശതമാനം ജിഎസ്‌ടി നലകണം. നൂൽ  ഉല്‍പ്പാദിപ്പിച്ച്  വിൽപ്പന നടത്തിയാൽ 120 ദിവസത്തിനു ശേഷമാണ് തുക ലഭിക്കുക.
 എന്നാൽ ഒരുമാസത്തിനകം നികുതി അടച്ചില്ലെങ്കിൽ അറസ്റ്റ്  ഉൾപ്പെടെയുള്ള  നിയമനടപടികള്‍ മില്‍ അധികൃതര്‍ നേരിടണം. കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ പരുത്തിയുശട വില രാജ്യാന്തര വിപണിയേക്കാൾ കൂട്ടിയത്‌  പ്രതിസന്ധി രൂക്ഷമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top