06 October Sunday
വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങി

ബിഹാറിൽ ദലിത് ഗ്രാമത്തിന് നേരെ ആക്രമണം; 20 വീടുകൾ തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പട്ന> ബിഹാറിലെ നവാഡയിൽ ദലിത് ഗ്രാമത്തിന് നേരെ ആക്രമണം. 20 വീടുകൾക്ക് അക്രമി സംഘം തീയിട്ടു.  ബുധനാഴ്ച വൈകീട്ട് മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം. നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ താമസിക്കുന്ന ദളിത് വിഭാഗക്കരുടെ വീടുകൾ കൂട്ടത്തോടെ ആക്രമിക്കുകയും തീയിടുകയുമായിരുന്നു.

നിർധന കുടുംബങ്ങൾ താമസിക്കുന്ന 20 വീടുകൾ അഗ്നിക്കിരയായി. രവിദാസ്, മാഞ്ചി വിഭാഗത്തിൽ ഉൾപ്പെട്ടവർ താമസിക്കുന്ന മേഖലയാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ 80 വീടുകൾ ആക്രമണത്തിന് ഇരയായി.

ഗ്രാമത്തിലെ ആളുകളെ മുഴുവൻ താൽക്കാലിക സുരക്ഷാ മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമി സംഘം വെടിയുതിർത്തതോടെ കുടുംബങ്ങൾ ഓടി രക്ഷപെടുകയായിരുന്നു എന്നു പറയുന്നു. കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ സർക്കാർ കർശന നിയമനടപടി വേണം. പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. പസ്വാൻ വിഭാഗമാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിത്യവേല ചെയ്ത് ജീവിക്കുന്ന 400 ഓളം പേർ താമസിക്കുന്ന നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഗ്രാമമാണ്. ഇതിനുമേൽ ഒരു സംഘം അവകാശവാദം ഉന്നയിച്ചതിന് തുടർച്ചയായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രംഗത്തെത്തി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണ്. ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഗൂഢാലോചനക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയുടെ അടയാളമാണ് അദ്ദേഹത്തിന്റെ മൗനം എന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top