Deshabhimani

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ രാഷ്ട്രീയവും ധാർമികവുമായ പരാജയമെന്ന് യോഗേന്ദ്ര യാദവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 02:54 PM | 0 min read

ചെന്നൈ > 2024 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ്‌ ഫലം ബിജെപിയുടെ രാഷ്ട്രീയവും ധാർമികവുമായ പരാജയവും നരേന്ദ്ര മോദിയെന്ന വ്യക്തിക്കേറ്റ കനത്ത തിരിച്ചടിയുമാണെന്ന്‌  രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്രയാദവ്‌. 'നമ്മൾ ജനാധിപത്യ രാഷ്ട്രത്തിലേക്ക്‌ തിരിച്ചുവന്നോ' എന്ന വിഷയത്തിൽ ഏഷ്യൻ കോളേജ്‌ ഓഫ്‌ ജേണലിസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക്‌ 325 ലധികം സീറ്റുകളും എൻഡിഎ മുന്നണിക്ക്‌ 375 ലധികം സീറ്റുകളും ലഭിക്കുമെന്ന്‌ സ്വപ്നം കണ്ട മോദിക്ക്‌  ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 303 സീറ്റുകൾ ജനങ്ങൾ നൽകിയ തിരിച്ചടിയായിരുന്നു. 272 ൽ കുറവ്‌ സീറ്റുകളിലേക്ക്‌ എൻഡിഎ സഖ്യത്തെയും 250 ൽ താഴെ സീറ്റുകളിലേക്ക്‌ ബിജെപിയെയും കൊണ്ടെത്തിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ബിജെപിയുടെ രാഷ്ട്രീയ പരാജയവും മോദിയുടെ വ്യക്തിപ്രഭാവത്തിനേറ്റ കനത്ത തിരിച്ചടിയുമാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

സ്വേച്ഛാധിപത്യവാദത്തിന്റെയും ഭൂരിപക്ഷവാദത്തിന്റെയും സമ്മിശ്രരൂപമായി ഇന്ത്യ മാറിയിരിക്കുകയാണ്‌. കഴിഞ്ഞ 10 വർഷമായി  ഈ മാതൃകയാണ്‌ ഇന്ത്യ  ലോകത്തിനു മുന്നിലേക്ക്‌ വെക്കുന്നതും ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതും.

21-ാം നൂറ്റാണ്ടിൽ നമ്മൾ പൊടുന്നനെ സ്വേച്ഛാധിപത്യത്തിനു കീഴിലാവുകയായിരുന്നു. ഒരർത്ഥത്തിൽ അത്‌ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന്റെ തുടക്കം കൂടിയായിരുന്നു. ആദ്യ മോദി സർക്കാർ അധികാരത്തിലേറി അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ 1950 ജനുവരി 26 ന്‌  സ്ഥാപിതമായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അന്ത്യം സംഭവിച്ചിരുന്നു എന്നും യോഗേന്ദ്ര യാദവ്‌ പറഞ്ഞു.

2024 ൽ ഇന്ത്യ കണ്ടത്‌ ഒരു പൊതുതെരഞ്ഞെടുപ്പായിരുന്നില്ല. അതൊരു ജനഹിത പരിശോധനയായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്‌ തുരങ്കം വെക്കുന്നതിനെതിരെയുള്ള ജനഹിതമായിരുന്നു അത്‌. അതിൽ ബിജെപി യോ എൻഡിഎ യോ മാത്രമല്ല തകർന്നത്‌. മോദിയുടെ ഉറപ്പുകൾ കൂടിയാണ്. മോദിയുടെ ഗ്യാരന്റിക്കെതിരെയാണ്‌ ജനങ്ങൾ വിധിയെഴുതിയത്‌. ഒരു സ്വേച്ഛാധിപതിക്കെതിരെയുള്ള വിധിയെഴുത്തു കൂടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അധികാരം തങ്ങളുടെ കയ്യിലായതിനാൽ  പണവും മാധ്യമങ്ങളും ഊതി വീർപ്പിച്ച മോദിപരിവേഷവും ബിജെപിയെ ഒരു പരിധി വരെ  തുണച്ചു. അതിനാൽത്തന്നെ ഈ തെരഞ്ഞെടുപ്പിൽ 1977 ൽ ഇന്ദിരാ ഗാന്ധി നേരിട്ടതു പോലുള്ള കനത്ത പരാജയം  ബിജെപിക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
    



deshabhimani section

Related News

View More
0 comments
Sort by

Home