26 August Monday

10 ടിവി, പ്രജാശക്തി വിൽപ്പന; പ്രചാരണം അടിസ്ഥാനമില്ലാത്തത്: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ന്യൂഡൽഹി> തെലുങ്കു ചാനൽ 10 ടിവി, ആന്ധ്രപ്രദേശിലെ സിപിഐ എം മുഖപത്രം പ്രജാശക്തി എന്നിവയെക്കുറിച്ച‌് മാധ്യമങ്ങളിൽ നടക്കുന്നത‌് അടിസ്ഥാന രഹിതമായ പ്രചാരണം. 10 ടിവി ചാനലിന്റെ വിൽപ്പനയെക്കുറിച്ച‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അന്വേഷിക്കുന്നുവെന്നം, പ്രജാശക്തി പത്രം നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നുമാണ‌് പ്രചാരണം.  കെട്ടുകഥകൾ വാർത്തയാക്കി ‘മലയാള മനോരമ’യും ഇതേറ്റുപിടിച്ചു.

തെലങ്കാനയിലും ആന്ധ്രപ്രദേശിലും പ്രവർത്തിക്കുന്ന 10 ടിവി ചാനലിന്റെ വിൽപ്പനയെക്കുറിച്ച‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അന്വേഷണം നടക്കുന്നില്ല. 10 ടിവിയിൽ ഉണ്ടായിരുന്ന  ഓഹരികൾ വിൽക്കാൻ രണ്ട‌ു സംസ്ഥാനത്തെയും പാർടി കമ്മിറ്റികൾ പിബിയുടെ അനുമതിയോടെയാണ‌് തീരുമാനിച്ചത‌്. ചാനൽ നടത്തിപ്പ‌് സാമ്പത്തികമായി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ‌് ഓഹരി വിറ്റത‌്. തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖരറാവുവിന്റെ ബന്ധുക്കൾക്കാണ‌് ചാനൽ വിറ്റതെന്ന പരാമർശം പൂർണമായും കളവാണ‌്.

വാണിജ്യാടിസ്ഥാനത്തിൽ ഒരു സംഘം ബിസിനസുകാർക്കാണ‌് ചാനൽ ഓഹരികൾ കൈമാറിയത‌്. പ്രജാശക്തി  കമ്പനി 127.71 കോടിയുടെ നിയമവിരുദ്ധ ഇടപാട‌് നടത്തിയെന്ന മനോരമ വാർത്തയും വസ‌്തുതാവിരുദ്ധമാണ‌്.
ആന്ധ്രപ്രദേശ‌് വിഭജനത്തിനുശേഷം തെലങ്കാനയിൽ ‘നവ തെലങ്കാന’ ‌എന്നപേരിൽ പ്രത്യേക പത്രം തുടങ്ങി. 2016 ഏപ്രിലിൽ ആന്ധ്രപ്രദേശിൽ ‘പ്രജാശക്തി പ്രിന്റേഴ‌്സ‌് ആൻഡ‌് പബ്ലിഷേഴ‌്സ‌് പ്രൈവറ്റ‌് ലിമിറ്റഡ‌്’ എന്ന കമ്പനി രൂപീകരിച്ച‌് പ്രജാശക്തിയുടെ പ്രസിദ്ധീകരണം തുടർന്നു.

അന്നുമുതൽ പ്രജാശക്തിയുടെ എല്ലാ അക്കൗണ്ടുകളും ഈ കമ്പനിയുടെ പേരിലാണ‌്. എഡിഷൻ തലത്തിലും വിവിധ വകുപ്പുകളുടെ പേരിലും കമ്പനിക്ക‌് 43 ബാങ്ക‌് അക്കൗണ്ടുകളുണ്ട‌്. പത്രത്തിന‌് എട്ട‌് എഡിഷനുണ്ട‌്. വരിക്കാരിൽനിന്നുള്ള തുക  ആദ്യം എഡിഷനുകളുടെ അക്കൗണ്ടുകളിലും പിന്നീട‌് ഹെഡ‌്ഓഫീസ‌് അക്കൗണ്ടിലും വരവുചേർക്കും. ചെലവ‌് ഇനങ്ങൾ ആദ്യം ഹെഡ‌്ഓഫീസ‌് അക്കൗണ്ടിലും പിന്നീട്‌ എഡിഷനുകളുടെ അക്കൗണ്ടിലും രേഖപ്പെടുത്തും. എല്ലാ വകുപ്പുകളുടെ കാര്യത്തിലും ഇതേ രീതിയാണ‌്. അതുകൊണ്ട‌്, എല്ലാ അക്കൗണ്ടുകളിലെയും ഇടപാടുകൾ കൂട്ടിയാൽ യഥാർഥത്തിൽ നടന്നതിന്റെ പല മടങ്ങായി  കാണപ്പെടും.

നോട്ടു നിരോധനം പ്രഖ്യാപിച്ച  2016–-17 വർഷത്തെ ഇടപാടുകൾ മൊത്തം 127.71 കോടി രൂപയാണെന്ന‌് കണ്ടു. ഇതേതുടർന്ന‌് കേന്ദ്ര സർക്കാരിന്റെ ഗുരുതര സാമ്പത്തിക കുറ്റകൃത്യവിഭാഗം (എസ‌്എഫ‌്ഐഒ) പ്രജാശക്തി കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. എസ‌്എഫ‌്ഐഒയ‌്ക്ക‌് മുന്നിൽ  എല്ലാ രേഖകളും ഹാജരാക്കി. അധികൃതരുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. വിശദമായ അന്വേഷണത്തിൽ അവർക്ക‌് ക്രമക്കേടൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല‌.

ദേശീയ കമ്പനി ട്രിബ്യൂണലിനു പ്രജാശക്തി നൽകിയ പരാതിയെ തുടർന്ന‌് അക്കൗണ്ടുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. ഈ സംഭവം ദുർവ്യാഖ്യാനം ചെയ‌്താണ‌് ക്രമക്കേട‌് നടത്തിയെന്ന വാർത്ത ചമച്ചത‌്.


പ്രധാന വാർത്തകൾ
 Top