31 July Saturday

ശാസ്‌താംകോട്ട വലിയപാടത്ത്‌ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ശാസ്‌താംകോട്ട > കൊല്ലം കുന്നത്തൂർ താലൂക്ക് പടിഞ്ഞാറെകല്ലട വലിയപാടം ചെമ്പിൽ ഏലായിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻ നാഥ് (നന്ദു,21), പ്രണവത്തിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (അക്കൂട്ടൻ,24) എന്നിവരെയാണ് കാണാതായത്. സവാരിക്കായി ഇവർ ഉപയോഗിച്ചിരുന്ന വള്ളവും കണ്ടെത്തിയിട്ടില്ല.

കാണാതായവരിൽ ഒരാൾക്ക് നീന്തൽ അറിയില്ലെന്ന് പറയപ്പെടുന്നു. വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.കാണാതായവർക്കൊപ്പം അമൽ,ശിവപ്രസാദ്,ആദിത്യൻ എന്നീ യുവാക്കളുമുണ്ടായിരുന്നു.അപകട ശേഷം ഇവർ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.ഇവരാണ് അപകടം മറ്റുള്ളവരെ അറിയിച്ചത്.അഞ്ചംഗ സംഘം വിസ്‌തൃതവും ഏറെ ആഴവുമുള്ള ഏലാച്ചിറയിൽ വള്ളത്തിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ശാസ്താംകോട്ടയിൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിരിച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന ഏലായിൽ വിദഗ്‌ധരായ മീൻപിടുത്തക്കാർ മാത്രമാണ് ഇറങ്ങാറുള്ളത്.അപകടം പതിയിരിക്കുന്ന ഏലായിലേക്ക് പ്രദേശവാസികൾ എത്താറില്ല. ലോക്‌ഡൗൺ ദിവസം ഉണ്ടായ അപ്രതീക്ഷിത അപകടം നാടിനെ ഞെട്ടിച്ചിരിക്കയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top