22 August Thursday

യൂത്ത‌് ലീഗ‌് മാർച്ച‌് അടിച്ചുപിരിഞ്ഞു, പഞ്ഞിക്കിടാൻ അണികൾ; ഹോട്ടലിൽ അഭയംതേടി നേതാക്കൾ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

മലപ്പുറം > പിഎസ‌്സി റാങ്ക‌് പട്ടിക അട്ടിമറിക്കുന്നുവെന്നാരോപിച്ച‌് മുസ‌്ലിം യൂത്ത‌് ലീഗ‌് സംഘടിപ്പിച്ച കലക്ടറേറ്റ‌് മാർച്ച‌് നേതാക്കളും അണികളും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിലും അസഭ്യവർഷത്തിലും കൂക്കുവിളിയിലും കലാശിച്ചു.  ഉന്തും തള്ളും മൂത്ത‌് അടിച്ചുപിരിയുമെന്ന ഘട്ടത്തിൽ നേതാക്കൾ തൊട്ടടുത്ത ഹോട്ടലിൽ കയറി തടിരക്ഷിച്ചു. സംഘടനാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് നേതാക്കളും എതിർപക്ഷവും ശക്തിതെളിയിക്കാൻ പരസ‌്പരം മത്സരിച്ചതോടെയാണ‌് മാർച്ച‌് പോർവിളിയിലെത്തി വലിയ നാണക്കേടായത‌്.

ആവേശം കൈവിട്ട കളിയായതോടെ പൊലീസ‌് നടപടിയുണ്ടാകുമെന്ന‌് ഭയന്ന നേതാക്കൾ അണികളെ തണുപ്പിക്കാൻ മുതിർന്നതോടെ  രംഗം വഷളായി. ആവേശം കാണിച്ചവരുടെ പേര‌് വിളിച്ചുപറഞ്ഞ‌് നേതാക്കൾ ‘ശകാരിക്കാൻ’ മുതിർന്നതോടെ അണികളുടെ മട്ടുമാറി. തട്ടിക്കൂട്ട‌് സമരത്തിന‌് വിളിക്കരുതെന്നും ആവേശം വിലക്കരുതെന്നും പറഞ്ഞ‌് മുദ്രാവാക്യംവിളിച്ച‌് ഒരുവിഭാഗം നേതൃത്വത്തെ പഞ്ഞിക്കിടാൻ വളഞ്ഞു. രംഗം പന്തിയല്ലെന്നുകണ്ട‌ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഹോട്ടലിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ,  പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. രംഗം ശാന്തമായെന്നുകരുതി പുറത്തിറങ്ങിയ നേതാക്കളെ കുന്നുമ്മൽവരെ പിന്തുടർന്ന‌് ചിലർ കൂവിവിളിച്ചു.

യൂത്ത‌് ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പ‌് വരുന്നതിനാൽ പുതിയ ഭാരവാഹികളാകാൻ കുപ്പായമിട്ടവരാണ് മാർച്ചിൽ അമിതാവേശം വിതറിയതെന്ന‌് നിലവിലെ നേതാക്കളെ അനുകൂലിക്കുന്നവർ പറഞ്ഞു. അണികളിൽ ചിലർ അവരുടെ വലയിൽ കുടുങ്ങിയെന്നും സംഘടനാവിരുദ്ധ പ്രവർത്തനം വച്ചുപൊറുപ്പിക്കില്ലന്നും ഇവർ പറയുന്നു. എന്നാൽ, യൂത്ത‌് ലീഗിന്റെ ജില്ലാ നേതൃത്വം പരാജയമാണെന്ന‌് മറുപക്ഷം ആരോപിക്കുന്നു. സംസ്ഥാന  നേതൃത്വത്തിന്റെ വാക്കുകേട്ട‌് മന്ത്രി ജലീലിനെ തടയാൻ ഇറങ്ങിത്തിരിച്ചിട്ട‌് സമരം എങ്ങുമെത്താതെ അവസാനിച്ചു. ആളാകാൻ ആരോപണമുന്നയിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കേസ‌് പിൻവലിച്ച‌് തടിയൂരിയപ്പോൾ കേസിൽപ്പെട്ട അണികൾ കുടുങ്ങി. നേതാക്കൾക്ക‌് ആളാകാനും വ്യക്തിവിരോധം തീർക്കാനും സമരം പ്രഖ്യാപിച്ചിട്ട‌്   എങ്ങുമെത്താതെ അവസാനിപ്പിക്കുന്നത‌് അംഗീകരിക്കാനാവില്ല. പോക‌്സോ കേസിൽ പ്രതിയായ ജില്ലാ ഭാരവാഹിയെ സംരക്ഷിക്കുന്ന സംഘടന,  രാഷ‌്ട്രീയ എതിരാളികൾക്കെതിരെ ധാർമികരോഷംകൊള്ളുന്നതിൽ അർഥമില്ലന്നും ഇവർ പറയുന്നു.

ആവേശം തണുപ്പിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സമരം അച്ചടക്കത്തോടെ സമാപിച്ചുവെന്നുമാണ‌് നേതാക്കൾ പ്രതികരിച്ചത‌്.  മുസ‌്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ‌് മാർച്ച‌് ഉദ‌്ഘാടനംചെയ‌്തത‌്. ജില്ലാ പ്രസിഡന്റ‌് അൻവർ മുള്ളമ്പാറ, സെക്രട്ടറി കെ ടി അഷ‌്റഫ‌് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top