19 September Saturday

വൈവിധ്യം തകർന്നാൽ ഇന്ത്യയുടെ നിലനിൽപ്പ് തകരും; മതരാഷ്‌ട്രവാദങ്ങൾക്കെതിരെ യുവാക്കൾ അണിനിരിക്കണം: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

തിരുവനനന്തപുരം > ചാതുർവർണ്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥികതയുടെയും ഇരുട്ട്‌നിറഞ്ഞ ഭൂതകാലത്തിൽ നിന്നും പുരോഗമനചിന്തയുടെ വെളിച്ചമുള്ള ഭാവിയിലേക്കാണ് രാജ്യം നീങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലെങ്കിൽ വികസനത്തിന് പകരം വിനാശമായിരിക്കും നേരിടേണ്ടിവരിക. വർഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങൾക്കുമെതിരായ യുവജനങ്ങളെ അണിനിരത്തുക എന്ന നിർണായക ദൗത്യമാണ് ഡിവൈഎഫ്‌ഐയിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. 'മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'യൂത്ത് ഫോർ ഇന്ത്യ' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതക്കും വംശീയതക്കും വിഘടനവാദത്തിനുമെതിരെ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പൊരുതിയ ചരിത്രമുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്ന് പിണറായി പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദത്തിനെതിരായ പോരാട്ടത്തിനിടയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കൾപോലും രക്തസാക്ഷിത്വംവരിച്ചു. അസമിലും കശ്മീരിലുമൊക്കെ വർഗീയവാദത്തിൽ വേരുകളുള്ള വിഘടനപ്രസ്ഥാനങ്ങൾക്കെതിരെ ത്യാഗോജ്വലമായ പോരാട്ടമാണ് ഡിവൈഎഫ്‌ഐ നടത്തിയത്.

ഇന്ത്യൻ സ്വാതന്ത്ര്യസരമ ചരിത്രത്തിൽ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറിനും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്കും സ്വാതന്ത്ര്യത്തിനായുള്ള ജനമുറ്റേങ്ങളുടെ ത്യാഗപൂർണമായ ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും കയ്യൊഴിയാൻ അവർക്ക് മടിയുണ്ടാകുകയുമില്ല. അതിനാൽ ജനങ്ങളുടെ വലിയ ജാഗ്രതയാണ് ഈ സാഹചര്യത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.പാർലമെന്ററി സംവിധാനത്തെ പ്രസിഡൻഷ്യൽ സമ്പ്രദായംകൊണ്ട് പകരംവെക്കാനും നിയമസംവിധാനത്തെ ഏകസിവിൽകോഡ് കൊണ്ട് പകരംവെക്കാനുമൊക്കെയുള്ള വാദങ്ങൾ ശ്രദ്ധിക്കണം. അതിന്റെയൊക്കെ പിന്നിലുള്ള പ്രേരകഘടകം വൈവിധ്യത്തിലെ ഏകത്വത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ താൽപര്യങ്ങളാണോ എന്ന് പരിശോധിക്കണം. പലവിധത്തിലുള്ള ജീവിതരീതികളും ഭാഷയും മതവും സംസ്‌കാരവും ഒക്കെയുള്ള രാജ്യമാണിത്. വൈവിധ്യം തകർന്നാൽ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ തകരും. ബഹുവർണശബളമായ സാംസ്‌കാരിക വൈവിധ്യമാണ് നമുക്കുള്ളത്. അതാണ് ലോകം ഇന്ത്യയിൽ കാണുന്ന വലിയ പ്രത്യേകത. ആ വൈവിധ്യത്തെ ഏകശിലാരൂപത്തിലുള്ള ഒരു മതം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സംസ്‌കാരം കൊണ്ടോ തകർന്ന് പോകുന്നത് ഇന്ത്യ എന്ന് വികാരമാണ്.

വിവിധ മതങ്ങളിൽപ്പെട്ടവരും ഒരു മതത്തിലും പെടാത്തവരുമൊക്കെ കൂട്ടായി പൊരുതിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യസമരത്തില വ്യത്യസ്ത വിഭാഗങ്ങളുടെ പങ്കിനെ തമസ്‌കരിക്കാൻ ശ്രമം നടക്കുന്നു. കാര്യമായ പങ്കൊന്നുമില്ലാത്ത ഒരു പ്രത്യേക രാഷ്ട്രീയത്തിന് സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം കൽപ്പിച്ച് കൊടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഇതിനനുസൃതമായ രീതിയിൽ ചരിത്രംതന്നെ ദുർവ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാൻ ദേശീയ ചരിത്ര ഗവേഷണ കൗൺസിൽ അടക്കമുള്ളവയെ ദുരുപയോഗിക്കുന്നു. ഇത്തരം ചരിത്രരചനകൾ മതരാഷ്ട്ര നിർമാണത്തിനുള്ള സാംസ്‌കാരിക മൂലധനമാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ ഇവരുടെ ഇത്തരം നീക്കങ്ങൾക്കെതിരായ വ്യാപകമായ ജാഗ്രത മതേതരമനസുകളിൽ ഉണർന്നുവരുന്നുണ്ട് എന്നത് ശുഭോതർക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ നിലപാടുകളിൽ നിന്ന് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ തകൃതിയായി നടക്കുന്നുണ്ട്. യുവാക്കൾക്ക് നിയമനം ലഭിക്കുന്നില്ല എന്ന് തെറ്റിധരിപ്പിക്കാനും ശ്രമംനടക്കുന്നുണ്ട്. ഇങ്ങനൊരു പ്രതീതി ഉണ്ടാക്കാൻ ഒരുപ്രമുഖ മാധ്യമം ഒരു പംക്തി തന്നെ തുറന്നിട്ടുണ്ട്. എന്നാൽ, ഈ സർക്കാർ കഴിഞ്ഞ ഏപ്രിൽ വരെയായി 1,33,132 പേർക്കാണ് പിഎസ്‌സി വഴി നിയമനം നൽകിയത്. 3668 റാങ്ക് ലിസ്റ്റുകൾ ഇക്കാലയളവിൽ പിഎസ്‌സി പ്രസിദ്ധീകരിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എൽഡിഎഫ് യാഥാർത്ഥ്യമാക്കി. ഐടി രംഗത്തടക്കം പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. യുഡിഎഫ് കാലത്തെ സ്റ്റാർട്ട്അപ്പുകൾ 300 മാത്രമായിരുന്നെങ്കിൽ ഇപ്പോൾ 2200 സ്റ്റാർട്ട്അപ്പുകളാണ് നാല് വർഷം കൊണ്ട് ആരംഭിച്ചത്. ഇൻക്യുബേറ്ററുകളുടെ എണ്ണം 18ൽ നിന്ന് 42 ആയി ഉയർത്തി. ഇത്തരം കാര്യങ്ങൾ തമസ്‌കരിച്ചുകൊണ്ടാണ് നിയമനമില്ല എന്ന് നിയമനം മരവിപ്പിച്ച ചരിത്രമുള്ളവർ മുറവിളി കൂട്ടുന്നത്. ഇതിന്റെ കള്ളിവെളിച്ചത്താക്കാൻ യുവാക്കൾ രംഗത്തിറങ്ങണം, മുഴുവൻ യുവാക്കൾക്കും തൊഴിൽ നൽകാൻ കഴിയാതെവരുന്നത് രാജ്യത്ത് നടപ്പിലാക്കിപോരുന്ന വികല സാമ്പത്തിക നയങ്ങൾ മൂലമാണ്, ആ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ട് കൂടിവേണം യുവാക്കളെ ബോധവത്കരിക്കേണ്ടത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന് യുവാക്കൾ പ്രതിജ്ഞ ചെയ്യണമെന്നും പിണറായി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top