കളമശേരി
തേവയ്ക്കൽ കൊളോട്ടിമൂല ഗ്രൗണ്ടിൽ ഫുട്ബാേൾ കളിച്ചിരുന്ന കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ ക്രൂരമർദനം. ശരീരമാസകലം പരിക്കേറ്റ പതിനൊന്നുകാരനെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാനെത്തിയ കുട്ടിയുടെ സഹോദരനെയും അയൽക്കാരിയായ വീട്ടമ്മയെയും നേതാവ് ഭീഷണിപ്പെടുത്തി. കുട്ടിയെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിൽ സന്ദർശിച്ചു.
ഒബിസി കോൺഗ്രസ് ജില്ലാ സെക്രട്ടറി, തേവയ്ക്കൽ കുഴിവേലിപ്പടി പമ്പിനുസമീപം വാടകയ്ക്ക് താമസിക്കുന്ന സുനിത അഫ്സലാണ് കുട്ടിയെ ആക്രമിച്ചത്. ഇവർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. സുനിതയുടെ മകനും മറ്റ് കുട്ടികളുമായി കളിക്കുമ്പോൾ മകനെ വീഴ്ത്തിയെന്ന് പറഞ്ഞാണ് ഗ്രൗണ്ടിലിറങ്ങി കുട്ടിയെ പിടിച്ചുവലിച്ച് അടിക്കുകയും തൊഴിക്കുകയും ചെയ്തത്. കൈപിടിച്ച് തിരിച്ചതായും നെഞ്ചിലും മുതുകിലും വാരിയെല്ലിനും ഇടിച്ചതായും കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദനത്തിന്റെ വീഡിയോ ദൃശ്യം പ്രദേശത്തെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
അയൽക്കാരി വിവരം അറിയിച്ചതിനെത്തുടർന്നാണ് കുട്ടിയുടെ അമ്മ സ്ഥലത്തെത്തിയത്. സുനിത അഫ്സൽ ഇവരെയും അസഭ്യം പറഞ്ഞു. കുട്ടിക്ക് ഭക്ഷണം ഇറക്കാനും ശ്വസിക്കാനും പ്രയാസമുള്ളതായി മാതാപിതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..