18 June Friday

ഇന്ദിരാ ഭവനിൽ യൂത്ത്‌ കോൺഗ്രസ്‌ 
പ്രതിഷേധം പ്രകടനം ; രോഷം ആന്റണിക്കെതിരെയും

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മുൻനിര നേതാക്കളെ പരിഹസിച്ച്‌‌ ഇന്ദിരാ ഭവനു മുന്നിൽ യൂത്ത്‌ കോൺഗ്രസിന്റെ ബാനർ പ്രകടനം. മുല്ലപ്പള്ളി രാമചന്ദ്രനും   ‘മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോൺഗ്രസിനെ അനുഗ്രഹിച്ച എ കെ ആന്റണിക്കും കെ സി വേണുഗോപാലിനും നന്ദി’ എന്ന ഫ്ലക്‌സുമായാണ് ഇവർ കെപിസിസി ആസ്ഥാനത്ത്‌ പ്രതിഷേധത്തിന്‌ എത്തിയത്.

തോൽവിയുടെ പേരിൽ അപമാനിച്ച് പുറത്താക്കാൻ ആരും നോക്കേണ്ടെന്ന നിലപാടിലാണ്‌ മുല്ലപ്പള്ളി. ഇത്‌ ഹൈക്കമാൻഡിനെ അറിയിച്ചെന്ന വിവരങ്ങൾ പുറത്തുവന്ന ശേഷമായിരുന്നു പ്രതിഷേധം. പ്രതിഷേധവേദി ഇന്ദിരാ ഭവൻതന്നെ തീരുമാനിച്ചതിനു പിന്നിൽ, സ്ഥാനമൊഴിയാൻ തയ്യാറല്ലാത്ത മുല്ലപ്പള്ളിക്കെതിരെ ആളെക്കൂട്ടൽ മാത്രമല്ല‌ ലക്ഷ്യമെന്നാണ്‌ നേതാക്കളുടെ വിലയിരുത്തൽ.

പ്രതിഷേധിച്ചത് പ്രവർത്തകരല്ലെന്നും  സംഭവം അന്വേഷിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ,  തലസ്ഥാനത്തെ പ്രമുഖ നേതാവിന്റെ അറിവോടെയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ്‌ കോൺഗ്രസിലെ ചർച്ച.  കോൺഗ്രസുകാരനായ പോത്തൻകോട്ടെ ഒരു വ്യാപാരി പ്രമുഖന്റെ ജീവനക്കാരും പ്രതിഷേധത്തിന്‌ ഉണ്ടായിരുന്നു. ഇവരാണ്‌ ഫ്ലക്‌സ്‌ സംഘടിപ്പിച്ച്‌ എത്തിച്ചതെന്നും ജില്ലാ നേതാക്കൾ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ്‌ ഹൗസിനു മുന്നിലും പ്രതിഷേധത്തിന്‌ പരിപാടിയിട്ടെങ്കിലും  പൊലീസ്‌ സാന്നിധ്യം ഭയന്ന്‌  പ്രതിഷേധക്കാർ സ്ഥലംവിടുകയായിരുന്നു.

ഡിസിസി ഓഫീസിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രതിഷേധം
തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിസിസി ഓഫീസിനുമുമ്പിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രതിഷേധം. കോഴിക്കോട്‌ സൗത്തിലെ പന്നിയങ്കര മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീകാന്ത്‌ പിലാക്കാടിന്റെ നേതൃത്വത്തിൽ മൂന്നുപേരാണ്‌ പ്ലക്കാർഡുമായി പ്രതിഷേധിച്ചത്‌.

ശക്തമായ പ്രതിഷേധമാർച്ച്‌ നടക്കുമായിരുന്നു, കോവിഡായതിനാലാണ്‌ പ്രതിഷേധം പ്രതീകാത്മകമാക്കിയതെന്ന്‌ ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമ്പൂർണ തോൽവിക്കുത്തരവാദികൾ പിടിപ്പുകെട്ട നേതൃത്വമാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. വ്യാഴാഴ്‌ച പകൽ 12.30ഓടെയായിരുന്നു പ്രതിഷേധം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top