07 October Friday
കൊച്ചിയിൽ 6 ദിവസത്തിനിടെ മൂന്നാമത്തെ കൊല

കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ്‌ കുത്തേറ്റ്‌ മരിച്ചനിലയിൽ; സുഹൃത്ത്‌ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കൊച്ചി> കാക്കനാട്  ഇടച്ചിറയിൽ ഫ്ലാറ്റിലെ 16–-ാംനിലയിൽ യുവാവ് കുത്തേറ്റ്‌ മരിച്ചനിലയിൽ. മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുരയിൽ സജീവ് കൃഷ്ണനാണ്‌ (22) കൊല്ലപ്പെട്ടത്. ഇൻഫോപാർക്കിലെ ഹോട്ടലിൽ ജീവനക്കാരാനാണ്‌. ബാൽക്കണിയിലെ പൈപ്പിൽ ചാരിനിർത്തിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പയ്യോളി സ്വദേശി ഒളിവിൽ. കൊച്ചി നഗരത്തിലും സമീപത്തുമായി ആറുദിവസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണിത്‌.   

ഇടച്ചിറ വല്യാത്ത് അമ്പലത്തിനുസമീപം ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ നാലുയുവാക്കളാണ്‌ ഇവിടെ താമസിച്ചിരുന്നത്‌. ഇതിൽ രണ്ടുപേർ കഴിഞ്ഞദിവസം വിനോദയാത്രപോയിരുന്നു. മറ്റൊരാൾ വീട്ടിലേക്കും പോയി. മുകളിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന പയ്യോളി സ്വദേശിയായ സുഹൃത്ത്‌ ഈ സമയം സജീവിനൊപ്പമുണ്ടായിരുന്നു. വിനോദയാത്രപോയവർ തിങ്കൾ രാത്രി തിരിച്ചുവന്ന്‌ ഫ്ലാറ്റിന്റെ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. ഫ്ലാറ്റിലുണ്ടായിരുന്ന സജീവിന്റെയും പയ്യോളി സ്വദേശിയുടെയും ഫോണിൽ വിളിച്ചിട്ട്‌ എടുക്കാത്തതിനാൽ മെസേജ്‌ അയച്ചു. അപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി മെസേജ്‌. തുടർന്ന്‌ ഇവർ മറ്റൊരിടത്ത്‌ മുറിയെടുത്ത്‌ താമസിച്ചു. പിറ്റേന്ന്‌ തിരിച്ചുവന്നിട്ടും വാതിൽ തുറക്കാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽകൊണ്ട്‌ ഫ്ലാറ്റ്‌ തുറന്നപ്പോൾ ഹാളിൽ രക്തം കണ്ട്‌ ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും തലയ്ക്ക്‌ വെട്ടേറ്റതായും ശരീരത്തിൽ നിറയെ മുറിവുകളുള്ളതായും പൊലീസ്‌ പറഞ്ഞു. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞതായി സംശയിക്കുന്നു. മൃതദേഹം കവറുകൾകൊണ്ട് മറച്ച്, ബെഡ് ഷീറ്റിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. സജീവിന്റെ ഫോൺ കാണാനില്ല. ഇവരുടെ മുറിയിൽനിന്ന്‌ കഞ്ചാവ്‌ കണ്ടെടുത്തിട്ടുണ്ട്‌.
സജീവ് കൃഷ്ണന്റെ അച്ഛൻ: രാമകൃഷ്ണൻ. അമ്മ: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ, വേങ്ങര). സഹോദരൻ: രാജീവ് കൃഷ്ണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top