27 June Thursday

ഇരിട്ടി യാക്കൂബ‌് വധം: അഞ്ച്‌ ആർഎസ്‌ എസ്‌ പ്രവർത്തകർ കുറ്റക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

ആർ എസ്‌എസുകാർ കൊലപ്പെടുത്തിയ യാക്കൂബ്‌

തലശേരി > സിപിഐ എം പ്രവര്‍ത്തകന്‍ ഇരിട്ടിപുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊന്ന കേസില്‍ അഞ്ച് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കുറ്റക്കാര്‍. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹകും പേരാവൂര്‍ പ്രഗതികോളേജ് പ്രിന്‍സിപ്പലുമായകീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ (48), അനുജനും ബിജെപി മണ്ഡലം പ്രസിഡന്റുമായ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), ആര്‍എസ്എസ് മുന്‍താലൂക്ക് ശിക്ഷണ്‍പ്രമുഖും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ തില്ലങ്കേരി ഊര്‍പ്പള്ളിയിലെ തെക്കന്‍വീട്ടില്‍ ടി വി വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), മുന്‍ താലൂക്ക് കാര്യവാഹകും പ്രഗതികോളേജ് മുന്‍ അധ്യാപകനുമായ കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (രണ്ട് ) ജഡ്ജി ആര്‍ എല്‍ ബൈജുകുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും. 

ആര്‍എസ്എസ് നേതാവ് പടയങ്കുടി വത്സന്‍ എന്ന വത്സന്‍ തില്ലങ്കേരി (54) ഉള്‍പ്പെടെ പതിനൊന്ന്‌പേരെ കോടതി വെറുതെവിട്ടു. പതിനാലാംപ്രതിയായ വത്സനെതിരെ ഗൂഢാലോചനകുറ്റമായിരുന്നു ചുമത്തിയത്. തില്ലങ്കേരി കാര്‍ക്കോട് അമ്മുഅമ്മ സ്മൃതിമന്ദിരത്തില്‍വെച്ച് കൊലപാതക ഗൂഢാലോചന നടത്തിയതെന്നായിരുന്നു കുറ്റം. എന്നാല്‍ ഇതു സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന് സാധിച്ചില്ലെന്ന് കണ്ടാണ് വിട്ടത്. 2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലിനാണ് യാക്കൂബിനെ അക്രമിസംഘം ബോബെറിഞ്ഞ് കൊന്നത്. കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളായ പുതിയപുരയില്‍ ഷാനവാസ്, കല്ലിക്കണ്ടി സുധീഷ്, സുഭാഷ്, ആഷിക്ക് എന്നിവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമം. വീടിന്റെ പിറക് വശത്തുംകൂടി വാള്‍, ബോംബ്, മഴു, ഇരുമ്പ്‌വടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയസംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.

അഞ്ചാംപ്രതി കാവ്യേഷ് എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയുടെ പിറകില്‍കൊണ്ടാണ് പൊട്ടിയത്. പുതിയപുരയില്‍ ജമീലയുടെ വീടിന്റെ അടുക്കളഭാഗത്തെ വരാന്തയിലാണ് ബോംബേറേറ്റ് തലചിതറി വീണത്. ഒന്നാംപ്രതി ശങ്കരന്‍ ബോംബെറില്‍ പരിക്കേറ്റ യാക്കൂബിനടുത്ത് പോയി ഒരുത്തന്‍മരിച്ചെടായെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന ബോംബെറിഞ്ഞ് ഭീതിസൃഷ്ടിച്ച ശേഷം രക്ഷപ്പെട്ടു. അക്രമത്തില്‍ ഷാനവാസ്, ബാബു, സുധീഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. 23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചിരുന്നു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. പ്രോസിക്യുഷന്‌വേണ്ടി അഡീഷനല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വ കെ പി ബിനിഷ, അഡ്വ ജാഫര്‍നല്ലൂര്‍ എന്നിവര്‍ ഹാജരായി.


പ്രധാന വാർത്തകൾ
 Top