26 March Tuesday

കന്യാസ‌്ത്രീകൾക്ക‌് പിന്തുണയുമായി സമരപ്പന്തലിലേക്ക‌് ജനപ്രവാഹം; സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പിന്തുണയുമായെത്തി

സ്വന്തം ലേഖകൻUpdated: Wednesday Sep 12, 2018

കൊച്ചി > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ‌്ത്രീകൾ നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്ക‌്. ഹൈക്കോടതി ജങ‌്ഷനിൽ നടക്കുന്ന സമരത്തിൽ  സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി  പ്രമുഖർ   പിന്തുണയുമായെത്തി. സിസ‌്റ്റർ ആൽഫി, സിസ‌്റ്റർ ജോസഫിൻ എന്നിവരാണ‌് ബുധനാഴ‌്ച സമരത്തിൽ പങ്കെടുത്തത‌്. പരാതിക്കാരിയുടെ രണ്ട് സഹോദരിമാരും  പ്രതിഷേധസമരത്തിൽ പങ്കെടുത്തു.

രാവിലെ മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരപന്തലിലേക്ക് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ എത്തിത്തുടങ്ങിയിരുന്നു. ബിഷപ്പിനെ അറസ്റ്റ‌്ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ കന്യാസ്ത്രീകൾ ഉറച്ചുനിൽക്കുകയാണ‌്.

മലയാള സിനിമയിലെ വനിതാ കൂട്ടായ‌്മയായ  വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) സമരത്തിന‌് പിന്തുണയുമായെത്തി. നടി റിമാ കല്ലിങ്കൽ ഡബ്ല്യുസിസിയുടെ കുറിപ്പ‌് വായിച്ചു. പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് ഡബ്ല്യുസിസി. അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടുവയ‌്ക്കുന്ന ചരിത്രപ്രധാനമായ  സമരത്തിൽ  പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാകില്ല. പി സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനോടൊപ്പം, ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച്ച് പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയമാണിത്. എൽജിബിടി വിഭാഗത്തിലുള്ള നമ്മുടെ സഹോദരി സഹോദരന്മാർക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെ സമയവും. അനീതിയെയും അസമത്വത്തെയും ഇല്ലാതാക്കി പുരോഗതിയിലേക്ക്, വളർച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവയ‌്പ്പുകളെന്ന‌്  കുറിപ്പിൽ പറഞ്ഞു. 

മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസ്,  സാംസ‌്കാരിക പ്രവർത്തകരായ ഡോ. സുനിൽ പി ഇളയിടം, ശാരദക്കുട്ടി, കൽപ്പറ്റ നാരായണൻ, എം വി ബെന്നി, ഡോ. കെ എസ് രാധാകൃഷ്ണൻ, സംവിധായകൻ ആഷിഖ് അബു, സംഗീത സംവിധായകരായ ബിജിപാൽ, ഷഹബാസ് അമൻ, എഐസിസി അംഗം ദീപ്തി മേരി വർഗീസ്,  ബിജെപി നേതാക്കളായ  ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, സംസ്ഥാന സർക്കാരിന്റെ മുൻ  ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു,   പ്രസാധകൻ സിഐസിസി ജയചന്ദ്രൻ, ആർഎംപി നേതാവ് കെ കെ രമ തുടങ്ങിയവരും പിന്തുണയുമായെത്തി. കവി ബാലചന്ദ്രൻ ചുള്ളിക്കാട‌്, കേരള ശാസ‌്ത്ര സാഹിത്യ പരിഷത്ത‌് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ മീരാബായി എന്നിവർ ചൊവ്വാഴ‌്ച സമരത്തിന‌് പിന്തുണ അർപ്പിക്കാൻ എത്തിയിരുന്നു.


പ്രധാന വാർത്തകൾ
 Top