20 November Wednesday

രണ്ടാം ലോക കേരളസഭ ജനുവരിയിൽ

സ്വന്തം ലേഖകൻUpdated: Friday Oct 11, 2019

തിരുവനന്തപുരം> ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി 2, 3 തീയതികളിൽ നിയമസഭാ കോംപ്ലക്സിൽ ചേരും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേർന്ന സംഘാടക സമിതിയോഗം  വിവിധ ഉപസമിതികൾ രൂപീകരിച്ചു.ഓവർസീസ് എംപ്ലോയേഴ്സ് സമ്മേളനവും തൊഴിൽമേളയും ഡിസംബർ ഏഴി-ന് കൊച്ചിയിൽ നടക്കും. പ്രവാസി കുടുംബങ്ങൾ കൂടുതലുള്ള മേഖലകളിൽ അവരുടെ കലാപരിപാടികളും സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാറും നടത്തും. ഓപ്പൺ ഫോറം,  ശിൽപ്പശാല എന്നിവയുണ്ടാകും. സമാപന സമ്മേളനം  നിശാഗന്ധിയിൽ നടക്കും.

ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളിൽ മൂന്നിലൊന്ന് പേർ വിരമിക്കുന്നതിനാൽ പകരം അംഗങ്ങളെ തെരഞ്ഞെടുക്കും. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ പരമാവധി രാജ്യങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പ്രവാസത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തി കേരളത്തിലെ യുവജനങ്ങൾക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശ തൊഴിലുടമ സമ്മേളനം മാറണം.
ഒന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുകയാണ്‌. വിഷയനിർണയ സ്ഥിരം സമിതികൾ മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ ഒന്നൊന്നായി പരിഗണിച്ചു.  പ്രവാസികളിൽനിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാക്കാനുള്ള നിർദേശം അതിലൊന്നായിരുന്നു. അത്‌ നടപ്പാക്കി.

വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിനാണ് കമ്പനി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ദുബായിയിൽ ഈ മാസം സംഘടിപ്പിച്ച സംരംഭകരുടെ സമ്മേളനം വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജനുവരിയിൽ രണ്ടാം ലോക കേരള സഭാസമ്മേളനത്തിനു ശേഷം കൊച്ചിയിൽ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, വിവിധ വകുപ്പ് സെക്രട്ടറിമാർ, സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top