26 April Friday
സ്ത്രീ ആദ്യം സ്വന്തം മനസ്സിനോട് പോരാടണം: ദീപ നിശാന്ത്

ലിംഗവിവേചനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കാലത്തിന്റെ അനിവാര്യതയെന്ന് രമ്യ നമ്പീശന്‍

സ്വന്തം ലേഖികUpdated: Friday Aug 3, 2018

 കൊച്ചി > നടി ആക്രമിക്കപ്പെട്ടതിനുശേഷം, ആ ആക്രമണത്തിനുമുമ്പും പിമ്പും എന്ന മട്ടിലേക്ക് തന്റെ ജീവിതം മാറിക്കഴിഞ്ഞുവെന്ന് നടിയുടെ അടുത്ത സുഹൃത്തുകൂടിയായ ചലച്ചിത്രതാരം രമ്യ നമ്പീശന്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി 'സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

സിനിമ പുരുഷമേല്‍ക്കോയ്മയുള്ള വ്യവസായമാണ്. അതിനിപ്പോഴും മാറ്റമുണ്ടായിട്ടില്ല. അത്തരം ലിംഗവിവേചനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ്. അത്തരം പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള ഓരോ ചുവടും പ്രയാസമേറിയതാകും. പക്ഷേ, അതൊരു നിലപാടാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

സിനിമ ലിംഗസൗഹൃദപരമായ ഇടമാക്കി മാറ്റാനുള്ള നീക്കമാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന നടത്തിയത്. വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകണമെന്നും  അവര്‍ വ്യക്തമാക്കി

കുടുംബങ്ങളില്‍പ്പോലും അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് സ്ത്രീകള്‍ക്ക്  അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് എഴുത്തുകാരി ദീപ നിശാന്ത് പറഞ്ഞു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദീപ നിശാന്ത്. അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ 'കുടുംബത്തില്‍ പിറക്കാത്ത'വരും 'ഒരുമ്പെട്ടവളു'മായി മുദ്രകുത്തുന്ന സമൂഹമാണ് അവള്‍ക്കുചുറ്റും അരുതുകളുടെ വിലങ്ങുകള്‍ തീര്‍ക്കുന്നത്.

    ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി 'സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദീപ നിശാന്ത് മുഖ്യപ്രഭാഷണം നടത്തുന്നു

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി 'സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദീപ നിശാന്ത് മുഖ്യപ്രഭാഷണം നടത്തുന്നു എതിര്‍ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ പലവഴികളില്‍ ശ്രമം നടക്കുന്നുണ്ട്. ആ  ശ്രമങ്ങള്‍ക്കൊപ്പം നിസ്സംഗതയോടെ മുന്നോട്ടുനീങ്ങുകയാണ് നാം. സ്ത്രീയെ എല്ലാക്കാലത്തും ഒരു ഇരമാത്രമായി കാണാനാണ് പുരുഷാധിപത്യസമൂഹത്തിന് താല്‍പ്പര്യം. ഈ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടണമെങ്കില്‍ സ്ത്രീ സ്വയം പോരാടണം. ആദ്യം സ്വന്തം മനസ്സിനോടും പിന്നെ വ്യവസ്ഥിതിയോടും. ഇതത്ര എളുപ്പമല്ല. ഒപ്പം സാമ്പത്തിക സുരക്ഷിതത്വവും വേണം.

മലയാളസിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ തുറന്നുപറഞ്ഞപ്പോള്‍, ആ പറച്ചിലായി അവള്‍ചെയ്ത ആദ്യ തെറ്റ്. എന്നാല്‍, ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു. അത് ഈ സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഏതുഘട്ടത്തിലും പൊതു ഇടത്തില്‍ ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ടുന്ന സാഹചര്യമാണുള്ളത്. ബലാത്സംഗം ഈ സമൂഹത്തിന് ക്രൂരമായ തമാശയായി മാറി. ആക്രമിക്കപ്പെടുന്ന പെണ്ണിന്റെ മനസ്സിന് എല്ലാ പിന്തുണയും നല്‍കി അവള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ജനാധിപത്യപരവും പുരോഗമനപരവുമായ ഉയര്‍ന്ന നിലവാരത്തിലേക്ക് സമൂഹമെത്തുന്നത്.

 വ്യക്തിപരതയ്ക്കപ്പുറം സാമൂഹ്യജീവിയായി മാറിയാലേ ഈ പുരോഗമനപരതയുണ്ടാവൂ എന്നും അവര്‍ പറഞ്ഞു.

 സെമിനാറില്‍ അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. അഡ്വ. സാലിതോമസ്, അഡ്വ. ലത തങ്കപ്പന്‍, അഡ്വ. എം ആര്‍ ശ്രീലത, അഡ്വ. കെ ആര്‍ ദീപ എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍ മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top