19 February Tuesday

മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനുമായി നിലക്കൊള്ളണം; ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറണം: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍Updated: Tuesday Jul 31, 2018


തൃശൂര്‍> മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി നിലക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ബറ്റാലിയന്‍ കമാന്റോ അടക്കമുള്ള പ്രഥമ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതാണ് നമ്മുടെ നാട്.

 മതനിരപേക്ഷതയുടെ സംരക്ഷണം ഏറ്റവും പ്രധാനമായി കാണണം. രാജ്യത്ത് വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ മതനിരപേക്ഷത അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവര്‍ ഏതെങ്കിലും തരത്തില്‍ മതനിരപേക്ഷതയെ അപകടപ്പെടുത്തുന്ന എന്തെങ്കിലും പരാമര്‍ശങ്ങളോ നിര്‍ദേശങ്ങളോ ഏതെങ്കിലും ഘട്ടത്തില്‍ നല്‍കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായും മനസ്സില്‍നിന്ന് തുടച്ചുമാറ്റിക്കളയണം.

നാം മതനിരപേക്ഷതയുടെ സംരക്ഷകരാണ്. പൊലീസിന്റെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥാനങ്ങള്‍ മാത്രം നോക്കി ആളെ വിളിക്കുന്ന നിലയല്ല എടുക്കേണ്ടത്. അവര്‍ വന്നാല്‍ എന്താണ് നല്‍കുന്ന സന്ദേശം എന്നതിനെകുറിച്ച് ആദ്യമേതന്നെ ഒരു ധാരണ സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള പൊലീസ് അധികാരികള്‍ക്ക് ഉണ്ടാകണം. അത്തരം ആളുകളെ വിളിച്ചുവരുത്തി, അപകടകരമായ സന്ദേശം സമൂഹത്തിന് നല്‍കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ പാടില്ലെന്ന ജാഗ്രത ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം.

പൊലീസ് സ്റ്റേഷനെ കുറിച്ചുള്ള ആളുകളുടെ മനോഭാവം മാറ്റം വരുത്തുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറണം. ഇതിനായി പൊലീസ് സ്റ്റേഷന്റെ മുഖച്ഛായമാറണം. ഇതിന് ഏറ്റവും പ്രധാനമാണ് വനിതാ പ്രാധിനിത്യം വര്‍ധിപ്പിക്കല്‍. ഇത് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, പെട്ടെന്നുതന്നെ 15 ശതമാനത്തിലേക്ക് ഉയരാന്‍ കഴിയണം. ഇപ്പോള്‍ നടത്തിയത് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ്.

 വീണ്ടും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ നടത്തും.തുടര്‍ന്ന് പൊലീസില്‍ ആളെ എടുക്കുന്ന ഘട്ടത്തില്‍ തുല്യ അവസരം നല്‍കി പൊലീസിലേക്ക് റിക്രൂട്ട് ചെയ്യും.കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പൊലീസിനൊപ്പം നിര്‍ഭയ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കും. അവിടെ സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ വനിതാ പൊലീസിനെ നിയോഗിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്.

 സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടു വേണം. സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സ്ത്രീകള്‍ക്ക് തുല്യഅവസരം നല്‍കും. ഇതിലൂടെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് പത്തേക്കറില്‍ വനിതാബറ്റാലിയന്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള പരിശീലനം സിദ്ധിച്ച സേനാംഗങ്ങള്‍ വകുപ്പിന്റെ എക്കാലത്തെയും മാതൃകയാണ്.

സ്ഥാനമാനങ്ങളേക്കാള്‍ വലുത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ്. ഈ വകുപ്പിലും ഇത്തരത്തിലുള്ള സമീപനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. മേയര്‍ അജിത ജയരാജന്‍, മേഖല ഐജി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്പി എം കെ പുഷ്‌കരന്‍, സബ് കലക്ടര്‍ ഡോ. രേണുരാജ്, കൗണ്‍സിലര്‍ വി കെ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രധാന വാർത്തകൾ
 Top