25 March Monday

പിണറായിയിലെ ദുരൂഹമരണം ചുരുളഴിഞ്ഞു: യുവതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 25, 2018തലശേരി > പിണറായി പടന്നക്കരയിൽ നാലുമാസത്തിനിടെ കുടുംബത്തിലെ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോർ(8) എന്നിവർ മരിച്ച കേസിലാണ് കുട്ടിയുടെ അമ്മ സൗമ്യ(28)യെ അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ വിഷംകലർത്തി നൽകിയാണ് മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഒന്നരവയസുള്ള മകൾ കീർത്തനയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് പറഞ്ഞു.

മകൾക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലർത്തി നൽകിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. തലശേരി കോ‐ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൗമ്യയെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പൊതുമരാമത്ത് റസ്റ്റ്ഹൗസിലെത്തിച്ചു. പത്ത്് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആദ്യം സഹകരിക്കാതിരുന്ന യുവതി പിടിച്ചുനിൽക്കാനാവാതെ ഒടുവിൽ വിഷംനൽകി കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു. ഛർദ്ദിയെ തുടർന്ന് 17 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഡിസ്ചാർജായ ഉടൻ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾ ഐശ്വര്യയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതിനു പിന്നാലെയാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്  മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.

ആന്തരികാവയവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിലും വിഷാംശം ചെന്നതായി കണ്ടെത്തിയിരുന്നു. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ വിഷാംശം കലർന്നതായി നേരത്തെ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതാണ്. മരണവുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ  മുപ്പതിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയതെളിവുകളും വെച്ചായിരുന്നു ചോദ്യംചെയ്യൽ. കീർത്തനയുടേതൊഴികെ മൂന്ന് മാസത്തിനിടെ നടന്ന മൂന്നുമരണവും എലി വിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയംഫോസ്ഫേറ്റ് അകത്ത്ചെന്നാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ജനുവരി ഏഴിനാണ് മൂത്തകുട്ടി ഐശ്വര്യയെ ഛർദിയും വയറിൽ അസുഖവുംബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച തികയുമ്പോഴേക്കും മരിച്ചു. സൗമ്യയുടെ അമ്മ കമലയെ മാർച്ച് നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴിന് മരിച്ചു. പത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛൻ കുഞ്ഞിക്കണ്ണൻ മൂന്നാംനാൾ മരിച്ചു.
 ഇതോടെയാണ് അന്വേഷണ ആവശ്യം ശക്തമായത്. ഒടുവിൽ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളുമെല്ലാം എതിരായതോടെയാണ് പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും പൊളിഞ്ഞ് സൗമ്യ നിയമത്തിന് കീഴടങ്ങിയത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top