22 October Tuesday

ഭാഗ്യക്കുറി നികുതി ഏകീകരണം ഉപേക്ഷിക്കണം: നിയമസഭ

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

തിരുവനന്തപുരം > സംസ്ഥാനം നേരിട്ട‌് നടത്തുന്ന ഭാഗ്യക്കുറികളുടെയും ഇടനിലക്കാർ മുഖാന്തിരം നടത്തുന്ന ഭാഗ്യക്കുറികളുടെയും ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന‌് കേരള നിയമസഭ ആവശ്യപ്പെട്ടു. ഇടനിലക്കാർ മുഖാന്തിരം നിയമവിരുദ്ധമായി നടത്തുന്ന ഭാഗ്യക്കുറികൾക്ക് അനുഗുണമാകുന്ന ജിഎസ്ടി നിരക്ക് ഏകീകരണം, ഉപകരാറുകൾ നൽകാനുള്ള നീക്കം, സമ്മാനത്തുക കുറച്ചുള്ള വിലയിന്മേൽ മാത്രം നികുതി ഈടാക്കാനുള്ള നീക്കം എന്നിവ ഉപേക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് അവതരിപ്പിച്ച പ്രമേയം സഭ ഏകകണ‌്ഠമായി അംഗീകരിച്ചു. ഭാഗ്യക്കുറിയുടെ ജിഎസ്ടി സംബന്ധമായ വിഷയങ്ങളിൽ തൽസ്ഥിതി തുടരണമെന്നും പ്രമേയം ജിഎസ്ടി കൗൺസിലിനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.

ഇടനിലക്കാർ മുഖാന്തിരം നടത്തുന്ന ഭാഗ്യക്കുറിയുടെ നികുതി കുറയ്ക്കുന്നതിന്റെ ഫലം കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി നഷ്ടം മാത്രമാണ‌്. ഇടനിലക്കാരായ വൻകിട ഭാഗ്യക്കുറി നടത്തിപ്പുകാർ ഗുണഭോക്താക്കളും. ഇടനിലക്കാർ മുഖേനയുള്ള ഇതരസംസ്ഥാന ഭാഗ്യക്കുറികളുടെ നിയമലംഘനവും കൊള്ളയും കംപ്ട്രോളർ ആൻഡ‌് ഓഡിറ്റർ ജനറലും സിബിഐയുമെല്ലാം വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട‌്.

ഭാഗ്യക്കുറികൾ നടത്തുന്ന ഇതരസംസ്ഥാന സർക്കാരുകളുമായി നേരിട്ട് കരാറിൽ ഏർപ്പെടുന്ന ഏജന്റിനു മാത്രമേ മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രേഷന് അർഹതയുണ്ടാകൂവെന്ന് 28–ാമത് ജിഎസ്ടി കൗൺസിലിൽ വ്യക്തമായി തീരുമാനിച്ചു. ഇതിന് അനുസൃതമായി ജിഎസ്ടി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ‌്തു.. ഭാഗ്യക്കുറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും ഇത‌‌് അനുശാസിക്കുന്നു. എന്നാൽ, ഇതിനു വിഭിന്നമായി ഉപകരാറുകാരന് രജിസ്ട്രേഷൻ നൽകുന്നതിന‌ും സജീവ നീക്കമുണ്ട‌്.

മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ കർശനമായ നിലപാടു സ്വീകരിച്ചതിനാൽ ഇടനിലക്കാർ മുഖാന്തരമുള്ള അന്യസംസ്ഥാന ഭാഗ്യക്കുറി കൊള്ള തടയാൻ സാധിച്ചു. ഭാഗ്യക്കുറി നിയന്ത്രണ നിയമവും ചട്ടങ്ങളും നഗ്നമായി ലംഘിച്ചാണ‌് ഇടനിലക്കാർ വഴി അന്യസംസ്ഥാന ഭാഗ്യക്കുറികൾ നടന്നത‌്. ഇവർ ജനങ്ങളെ വല്ലാതെ അടിമപ്പെടുത്തുന്ന സമീപനങ്ങൾ സ്വീകരിച്ചു. ഇവയുടെ പ്രവർത്തനം തടഞ്ഞ്, സംസ്ഥാനത്തെ ജനങ്ങളെ ഈ കൊള്ളയിൽനിന്നും രക്ഷപ്പെടുത്തണമെന്ന കേരള സർക്കാരുകളുടെ നിരന്തരമായ
ആവശ്യം, 2015ൽ കേന്ദ്രസർക്കാരും അംഗീകരിച്ചു.

അന്യസംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിച്ച് നിർത്തുന്നതിന് ഉതകുന്ന വ്യവസ്ഥകൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും നിരക്കുകളിലും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന് സാധിച്ചിരുന്നു. എന്നാൽ, ഇടനിലക്കാർ മുഖാന്തിരമുള്ള ലോട്ടറി കച്ചവടത്തിന് കേരളത്തിലടക്കം യഥേഷ്ടം കടന്നുവരാൻ അവസരമൊരുക്കുന്നതിനുള്ള നീക്കങ്ങളാണ് സമീപകാലത്തായി ജിഎസ്ടി കൗൺസിലിൽ നടക്കുന്നത്. സംസ്ഥാനം നേരിട്ട് നടത്തുന്ന ഭാഗ്യക്കുറികളുടെയും ഇടനിലക്കാർ മുഖാന്തിരം നടത്തുന്ന ഭാഗ്യക്കുറികളുടെയും ജിഎസ്ടി നിരക്ക് ഏകീകരിക്കുന്നതിനുള്ള നീക്കമാണ് ഇതിൽ പ്രധാനം. വ്യത്യസ്ത നികുതി നിരക്കുകൾ കൽക്കട്ട ഹൈക്കോടതി ശരിവച്ചതാണ്. ഇവ തമ്മിലുള്ള വേർതിരിവ‌് യുക്തിസഹമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതികണ്ടെത്തി.

എന്നിട്ടും ഇടനിലക്കാർ മുഖാന്തിരമുള്ള ഭാഗ്യക്കുറികളുടെ 28 ശതമാനം നികുതി നിരക്ക് കുറച്ച്, സർക്കാർ നേരിട്ടു നടത്തുന്ന ഭാഗ്യക്കുറികളുടെ നിരക്കിന് സമാനമായി ഏകീകരിക്കാൻ ജിഎസ‌്ടി കൗൺസിലിൽ നടക്കുന്ന നീക്കം ജനങ്ങളെ കൊള്ളയടിക്കുവാൻ ഇടനിലക്കാർക്ക് അവസരം നൽകും. ദുരുപദിഷ്ടമായ ഈ നീക്കത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ഭാഗ്യക്കുറി വിൽപ്പനക്കാരും ഏജന്റുമാരും പൊതുജനങ്ങളും അങ്ങേയറ്റം ഉൽകണ്ഠാകുലരാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top