Deshabhimani

സമ്പൂർണ്ണ ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ ഭൂരേഖകൾ കുറ്റമറ്റതാകും: മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 08:11 PM | 0 min read

തിരുവനന്തപുരം > സമ്പൂർണ്ണ ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളും ഭൂരേഖകളും എന്റെ ഭൂമി പോർട്ടലിൽ ലഭ്യമാക്കാനും ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിക്കാനും കഴിയുമെന്ന് മന്ത്രി കെ രാജ൯. പെരുമ്പാവൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സമ്പൂർണമായി ഭൂരേഖയുള്ള ഡിജിറ്റൽ റീസർവേയ്ക്ക് വിധേയമാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഡിജിറ്റൽ റീസർവേയിലൂടെ 5,17000 ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി. ഭൂമിക്ക് കൃത്യമായ ഡിജിറ്റൽ രേഖയുണ്ടാകുന്നു. ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും അവസാനിക്കും. കാസർഗോഡ് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം ഉൾപ്പടെ 250 വില്ലേജുകൾ ജനുവരി 30 ഓടെ എന്റെ ഭൂമി പോർട്ടലിൽ ലഭ്യമാകും.

രജിസ്ട്രേഷ൯ വകുപ്പിന്റെ പോർട്ടലായ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ് സർവെ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോർട്ടലുകൾ സംയോജിപ്പിച്ചാണ് എന്റെ ഭൂമി എന്ന പോർട്ടൽ നിലവിൽ വന്നിരിക്കുന്നത്. ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ഭൂരേഖാ വിവരങ്ങളാണ് പോർട്ടലിൽ ലഭ്യമാകുക. ലാൻഡ് സർവേ വിവരങ്ങൾ, ലൊക്കേഷൻ സ്കെച്ച്, ഭൂ നികുതിയുടെ വിശദാശങ്ങൾ തുടങ്ങി ഭൂമിയെ സംബന്ധിച്ച 13 വിവരങ്ങൾ പോർട്ടലിൽ ലഭിക്കും.  

1600 വില്ലേജ് ഓഫീസുകളിൽ 697 വില്ലേജുകൾ നവീകരിക്കുന്നതിനുള്ള ഭരണാനുമതി നൽകി. ഇതിൽ 527 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ള വില്ലേജുകളിൽ 331 വില്ലേജുകൾ മാത്രമാണ് പൂർണമായി പൊളിച്ചുപണിയേണ്ടി വരിക. ബാക്കിയുള്ളവ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റും.

വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകുന്ന 24 സേവനങ്ങളിൽ 23 ഉം ഓൺലൈനാക്കി. ഇന്ത്യക്ക് പുറത്ത് പത്ത് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായി എട്ട് സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനും അപേക്ഷ നൽകാനും പണമടയ്ക്കാനുമുള്ള സംവിധാനം നടപ്പാക്കാനും കഴിഞ്ഞു. മൂന്നരവർഷത്തിനുള്ളിൽ 180777 പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞു.

മാനുവൽ ഫയലുകളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് പൂർണമായി ഓൺലൈനായി സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള സാഹചര്യമൊരുങ്ങും. ഇതിന്റെ ഭാഗമായുള്ള ചെറിയ പ്രശ്നങ്ങൾ മറികടക്കുന്നതിനായി വില്ലേജ് തല ജനകീയ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലും മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വില്ലേജ്തല ജനകീയ സമിതികൾ ചേരുന്നുണ്ട്. ജനപ്രതിനിധികൾക്ക് ഈ സമിതിയിൽ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാം. സമിതിയുടെ റിപ്പോ൪ട്ട് ഒരാഴ്ചയ്ക്കകം ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന വകുപ്പ് മന്ത്രിക്ക് മുന്നിലെത്തും.

ചെകുത്താനെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന പോലെ  നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഭയപ്പെടുത്താനല്ല ജനകീയമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home