31 March Tuesday

ദേശമംഗലത്ത്‌ കാട്ടുതീ : 3 വനപാലകർ പൊള്ളലേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

തൃശൂർ
ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന്‌ വനപാലകർ പൊള്ളലേറ്റ് മരിച്ചു. ഫോറസ്റ്റ് ട്രൈബൽ വാച്ചർ വാഴച്ചാൽ ആദിവാസി കോളനിയിൽ ദിവാകരൻ (63), താൽക്കാലിക വാച്ചർ വടക്കഞ്ചേരി കുമരനെല്ലൂർ കൊടുമ്പ്‌ എടമലപ്പടി  കുഞ്ഞയ്യപ്പന്റെ മകൻ വേലായുധൻ (63) കൊടുമ്പ് സ്വദേശിയും താൽക്കാലിക വാച്ചറുമായ കൊടുമ്പ്‌ വട്ടപറമ്പിൽ  ശങ്കരൻ (55) എന്നിവരാണ്‌ മരിച്ചത്‌. പുകയേറ്റ് തലകറങ്ങി വീണ ഗാർഡ് നൗഷാദിനെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാർത്യായനിയാണ്‌ വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്‌, അനിലൻ, സുബിത. മരുമക്കൾ: സ്‌മിജ, വിജയൻ. എരുമപ്പെട്ടി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌  എ കെ കണ്ണൻ സഹോദരനാണ്‌.  ഇന്ദിരയാണ്‌ ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരൻ ധ്യാൻ മകനാണ്‌. ബിന്ദുവാണ്‌ ശങ്കരന്റെ ഭാര്യ. മക്കൾ: ശരത് ,ശനത്ത്.

ഞായറാഴ്ച പകൽ ഒന്നരയോടെയാണ് മേഖലയിൽ തീ ആളിക്കത്താൻ തുടങ്ങിയത്. സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. എന്നാൽ, വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഇത് അണയ്‌ക്കുന്നതിനിടെയാണ് ദുരന്തം. വലിയ ഉയരത്തിൽ നിൽക്കുന്ന മുൾപ്പടർപ്പിലേക്ക് തീ ആളിയതോടെ വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടർന്നു.  പലരും  തീക്കുള്ളിൽ അകപ്പെട്ടു. പ്രദേശമാകെ കനത്ത പുകയുയർന്നതോടെ  രക്ഷാപ്രവർത്തനവും ദുഷ്കരമായി.

ജില്ലയിലെ വിവിധ റേഞ്ചിൽനിന്നുള്ള വനംവകുപ്പ് ജീവനക്കാരേയും അഗ്നിരക്ഷാ സേനയേയും ഈ പ്രദേശത്തേക്ക് വിളിച്ചിട്ടുണ്ട്.  സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി എ സി മൊയ്തീൻ കലക്ടർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി നിർദേശങ്ങൾ നൽകി. കലക്ടർ എസ് ഷാനവാസ് ദേശമംഗലത്തെത്തി.

 

കരുതലിനിടെ ദുരന്തം
ദേശമംഗലം
വേനൽ കടുത്തതോടെ കാട്ടുതീ തടയാനുള്ള വനംവകുപ്പ് ജാഗ്രതക്കിടെയാണ് ദുരന്തം. വനസംരക്ഷണം ജലസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുതീ തടയാനുള്ള  പ്രവൃത്തികളും ബോധവൽക്കരണവും നടക്കുകയാണ്‌. വനസംരക്ഷണസമിതി അംഗങ്ങളേയും  വാച്ചർമാരേയും ഉൾപ്പെടുത്തി ജില്ലയിലെ വനമേഖലയിലെല്ലാം ഈ പ്രവൃത്തി നടക്കുന്നതിനിടെയാണ് ദേശമംഗലത്ത് ദുരന്തം സംഭവിച്ചത്.

റോഡിന്റെ ഇരു വശങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തികൾ നടക്കുന്നത്. ഉണങ്ങിക്കിടക്കുന്ന പാതയോരങ്ങളും അനുബന്ധ സ്ഥലങ്ങളിലും വെള്ളമടിച്ച് നനയ്‌ക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. ദേശമംഗലം മേഖലയിൽ ഇത്തരം പ്രവൃത്തികൾ വ്യാപകമായി നടന്നിരുന്നു.

അതിരപ്പിള്ളി മേഖലയിൽ വനംവകുപ്പിന് പുതിയതായി ലഭിച്ച മിനി ഫോറസ്റ്റ് ഫയർ റെസ്പോൻഡർ വാഹനത്തിന്റെ സഹായത്തോടെയാണ് വഴിയോരം നനയ്ക്കുന്നുണ്ട്. 70 മീറ്റർ ദൂരം വരെ വെള്ളം ചീറ്റിക്കാനാകുന്ന ഈ വാഹനത്തിൽ 500ലിറ്റർ വെള്ളം സംഭരിക്കാനാകും. വനത്തിനകത്ത് ഈ വാഹനം എത്തിച്ച് വെള്ളം ചീറ്റിച്ച് പ്രദേശം തണുപ്പിക്കുന്നുണ്ട്‌. പീച്ചി വനം- വന്യജീവി വകുപ്പിന് കീഴിലുള്ള കള്ളക്കുന്നുമല, മൂന്നുമല, ഒളകര ആദിവാസി കോളനി തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തം തടയാൻ വിപുലമായ കർമപരിപാടികൾ നടക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top