02 March Tuesday

കുട്ടിക്കൊമ്പൻ കാവലിരുന്നു, അമ്മയുണരാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


വിതുര
അമ്മയാനയുടെ നിശ്ചലമായ ശരീരത്തിനരികെ അവനിരുന്നു. പതിയെ പിടിച്ചെഴുന്നേൽപ്പിക്കാനായിരുന്നു ആദ്യ ശ്രമം. വിളിച്ചുണർത്താൻ നോക്കി. ഇടയ്ക്കിടെ ആഹാരം നൽകി, അമ്മയ്‌ക്ക്‌ അനക്കമില്ലെന്ന്‌ മനസ്സിലായതോടെ അരികിലിരുന്ന് മെല്ലെ തലോടി. ശനിയാഴ്ച രാവിലെ കല്ലാറിന്റെ തീരത്തെ കാഴ്ച ചുറ്റിലും കൂടിനിന്നവർക്ക് കണ്ണീർ കാഴ്ചയായിരുന്നു.

അമ്മയുടെ നിശ്ചലമായ ശരീരത്തിന് ചുറ്റും വലംവച്ച് നടക്കുകയായിരുന്നു കുട്ടിക്കൊമ്പൻ. ആളുകൾ കൂടിയിട്ടു‌പോലും അമ്മയുടെ അരികിൽനിന്ന്‌ കുട്ടിക്കൊമ്പൻ മാറിയില്ല. അടുത്തേക്ക് വരാൻ ശ്രമിച്ചവരെ അവൻ ചിന്നംവിളിച്ച് അകറ്റി. മണിക്കൂറുകളോളം അവൻ അമ്മയ്ക്കരികിൽ തുടർന്നു. ഇതോടെ വനം അധികൃതർക്ക് ആനയുടെ ജഡത്തിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.

ഉച്ചയോടെ നാട്ടുകാരും വനപാലകരും ചേർന്ന് ജെസിബി ഉപയോഗിച്ച് കല്ലാർ ഇരുപത്തിയാറാം മൈലിൽനിന്ന് ജഡം കിടന്ന ഉൾപ്രദേശത്തേക്ക് വഴിയൊരുക്കി. കുട്ടിയാനയെ കൊണ്ടുപോകാനുള്ള വാഹനം ഇതുവഴിയെത്തിച്ചു. തുടർന്ന് വടം ഉപയോഗിച്ച് പിടികൂടിയാണ് വാഹനത്തിൽ കയറ്റിയത്. കുട്ടിയാനയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top