03 March Wednesday
റിസോർട്ടിലെ കാട്ടാന ആക്രമണം

അധ്യാപിക എത്തിയത്‌ പരിസ്ഥിതി ക്യാമ്പിന്‌; മരണകാരണം നെഞ്ചിലേറ്റ ചവിട്ട്

സ്വന്തം ലേഖകർUpdated: Monday Jan 25, 2021

ഹൃദയം നിലച്ച്‌... ഷഹാനയുടെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റിയപ്പോൾ പുറത്തുനിന്ന്‌ ചില്ലിലൂടെ നോക്കുന്ന ഭർത്താവ്‌ ലിഷാം

കൽപ്പറ്റ/ കോഴിക്കോട്‌ > വയനാട്ടിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്‌ പരിസ്ഥിതി ക്യാമ്പിനെത്തിയ കോളേജ്‌ അധ്യാപിക. പേരാമ്പ്ര ദാറുൽ നുജും ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ സൈക്കോളജി വിഭാഗം മേധാവി ഷഹാനയാണ്(26)‌ വെള്ളിയാഴ്‌ച രാത്രി മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്‌റ്റ്‌ റിസോർട്ടിലുണ്ടായ കാട്ടാനയാക്രമണത്തിൽ മരിച്ചത്‌. കണ്ണൂർ  ചേലേരി കല്ലറപുരയിൽ പരേതനായ അബ്ദുൾ സത്താറിന്റെ മകളാണ്‌.

സഹോദരനായ പിജി വിദ്യാർഥിക്കും മറ്റൊരു വിദ്യാർഥിക്കുമൊപ്പം‌ ശനിയാഴ്‌ച വൈകിട്ടോടെയാണ്‌‌ വയനാട്ടിലെത്തിയത്‌. രാത്രി 7.45ഓടെ ഭക്ഷണശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു  കാട്ടാന ആക്രമിച്ചത്‌.  പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ വിംസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതോളം പേർ റിസോർട്ടിലുണ്ടായിരുന്നു. എല്ലാവരെയും രാത്രിയിൽതന്നെ പൊലീസ്‌ ഒഴിപ്പിച്ചു. റിസോർട്ടുകാർ വിവിധ ഏജൻസികളെവച്ചാണ്‌ ഇവിടെയെത്തുന്നവർക്കായി പരിസ്ഥിതി ക്യാമ്പ്‌ നടത്തുന്നത്‌. അനധികൃതമായി പ്രവർത്തിച്ചിരുന്ന ‌ റിസോർട്ട്‌ അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി സംഭവസ്ഥലം സന്ദർശിച്ച കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. നടപടിയെടുക്കുമെന്ന്‌ മേപ്പാടി പഞ്ചായത്ത്‌ അധികൃതരും പറഞ്ഞു.

വനാതിർത്തിയോടു ചേർന്നാണ്‌ റിസോർട്ട്‌‌. സുരക്ഷയൊന്നുമില്ലാതെ ടെന്റുകളടിച്ചാണ്‌ സഞ്ചാരികളെയും മറ്റും താമസിപ്പിക്കുന്നത്‌. പ്രദേശത്ത്‌ കാട്ടാനയുടെ സാന്നിധ്യം മിക്കപ്പോഴുമുണ്ട്‌. കോഴിക്കോട്‌‌ വെള്ളിമാടുകുന്ന്‌ മൂഴിക്കൽ സ്വദേശി ലിഷാമുമായി ഷഹാനയുടെ നിക്കാഹ്‌ കഴിഞ്ഞതാണ്‌. വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകൽ ചടങ്ങ്‌ നടത്താനിരിക്കെയാണ്‌ മരണം.

മരണകാരണം  നെഞ്ചിലേറ്റ ചവിട്ട്

ഷഹാനയുടെ മരണകാരണം  നെഞ്ചിൽ ചവിട്ടേറ്റിട്ടെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിൽ  ശനിയാഴ്‌ച വൈകീട്ട് അഞ്ചോടെ  പോസ്റ്റുമോർട്ടം പൂർത്തിയായി. ആന്തരികാവയങ്ങൾക്ക് ഗുരുതര പരിക്കുണ്ട്‌. തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. വലതുകാലിനും പരിക്കുണ്ട്.  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മേപ്പാടിയിലെ റിസോർട്ടിന്‌ സ്‌റ്റോപ്പ്‌ മെമ്മോ

തിരുവനന്തപുരം > കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് മേപ്പാടിക്ക് സമീപത്തെ  ‘റെയിൻ ഫോറസ്റ്റ്’  റിസോട്ടിന്‌ സ്റ്റോപ്പ്‌ മെമ്മോ നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാലാണ്‌  മെമ്മോ നൽകിയത്‌.  ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കും ഗൈഡ് ലൈൻ ഉടൻ പുറത്തിറക്കും. ഇതിനായി അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിക്ക്  നിർദേശം നൽകി. നിലവിലുള്ള മാനദണ്ഡങ്ങൾക്ക് പുറമേ ഈ ഗൈഡ് ലൈൻ കൂടി  നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top