Deshabhimani

മനുഷ്യ–വന്യജീവി സംഘര്‍ഷം: 
കേന്ദ്രത്തിന്‌ കേരളം നിവേദനം നൽകി

വെബ് ഡെസ്ക്

Published on Nov 28, 2024, 12:29 AM | 0 min read


തിരുവനന്തപുരം
കേരളത്തിൽ വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. 1972-ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നതടക്കം ഏഴു വിഷയമുന്നയിച്ചാണ് നിവേദനം നൽകിയത്. 2022-ലെ ദേദഗതി നിയമപ്രകാരം കേന്ദ്രനിയമത്തിന്റെ പട്ടിക ഒന്നിൽപ്പെടുത്തിയ കുരങ്ങുവർഗങ്ങളെ പട്ടിക രണ്ടിലേക്ക് മാറ്റുന്നത്‌ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതോടെ കുരങ്ങുശല്യം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണ മാർഗങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിക്കാനാകും.

കടുവ, ആന തുടങ്ങിയ വന്യജീവികളെ പിടികൂടുന്നതിനും വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തടസമായ കേന്ദ്ര എസ്‌ഒപിയും അഡ്വൈസറിയും ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചു.
ശബരിമല, മലയാറ്റൂർ തീർഥാടനകേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹാർദ്ദ തീർഥാടനം ഉറപ്പാക്കാനും കേന്ദ്രഫണ്ടിൽനിന്ന്‌ 10 കോടി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

നിയമസഭയിലെ വനം പരിസ്ഥിതി ടൂറിസം സബ്ജക്റ്റ് കമ്മിറ്റി അംഗങ്ങളായ സി കെ ഹരീന്ദ്രൻ, സണ്ണി ജോസഫ്, പി എസ് സുപാൽ, എൽദോസ് പി കുന്നപ്പള്ളിൽ, നജീബ് കാന്തപുരം എന്നീ എംഎൽഎമാരും ഡീൻ കുര്യാക്കോസ് എംപി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായി.



deshabhimani section

Related News

0 comments
Sort by

Home