30 May Saturday

കുട്ടികളെയും മാതാപിതാക്കളെയും കൈയിലെടുത്ത് വിസ്‌കിഡ്‌സ് ചലഞ്ച്

എ എസ് ജിബിനUpdated: Wednesday Apr 8, 2020


കൊച്ചി
കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലിയെടുക്കുന്ന മാതാപിതാക്കളും അവധിക്കാലം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന കുട്ടികളും തമ്മില്‍ സംഘര്‍ഷം പതിവാണ്. ഇത്‌ ഒഴിവാക്കി കുട്ടികള്‍ക്ക് ക്രിയാത്മകമായ അവധിക്കാലവും മാതാപിതാക്കള്‍ക്ക് സംഘര്‍ഷമില്ലാത്ത തൊഴിലിടവും വീട്ടില്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അവസര്‍ശാല ആരംഭിച്ച വിസ്‌കിഡ്‌സ് ചലഞ്ചിന് ആരാധകരേറുന്നു. കുട്ടികള്‍ക്ക് അവസരങ്ങളുടെ ലോകം തുറന്നുകൊടുക്കുന്ന  സ്റ്റാര്‍ട്ട് അപ്പായ അവസര്‍ശാല ഒന്നുമുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായാണ് വിസ്‌കിഡ്‌സ് ചലഞ്ച് നടത്തുന്നത്. ഒന്നുമുതല്‍ നാലാം ക്ലാസുവരെയുള്ളവരെ ജൂനിയര്‍ ഗ്രൂപ്പും അഞ്ചുമുതല്‍ എട്ടാം ക്ലാസുവരെയുള്ളവരെ സീനിയര്‍ ഗ്രൂപ്പും. ഓരോ ഗ്രൂപ്പിനും പ്രത്യേകം രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ചലഞ്ച് നല്‍കുന്നത്. രാവിലെ പത്തിന് നല്‍കുന്ന ചലഞ്ച് രാത്രി ഒമ്പതിനുള്ളില്‍ പൂര്‍ത്തീകരിച്ച് ചിത്രം പോസ്റ്റ് ചെയ്യണം. ഇങ്ങനെ ലഭിക്കുന്ന ചലഞ്ച് ചിത്രങ്ങള്‍ അവസര്‍ശാലയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇടംപിടിക്കും.


 

സൂപ്പര്‍ ഹീറോ കോവിഡിനെ പ്രതിരോധിക്കുന്ന ചിത്രം വരയ്ക്കുക, അന്യഗ്രഹ ജീവി കോവിഡിനെ നേരിടുന്ന ചിത്രം വരയ്ക്കുക, സൂപ്പര്‍ ഹീറോകളായ മാതാപിതാക്കള്‍ക്കുവേണ്ടി മാസ്‌ക് തയ്യാറാക്കുക, ആ മാസ്‌ക് മാതാപിതാക്കളെ ധരിപ്പിച്ച് ഫോട്ടോയെടുക്കുക, മാസ്‌കിന്റെ ഗുണവശങ്ങളെക്കുറിച്ച് ത്രീഡൈമെന്‍ഷൻ പോസ്റ്റര്‍ തയ്യാറാക്കുക എന്നിങ്ങനെ നിരവധി ചലഞ്ചുകളാണ് കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുത്തത്.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 600 കുട്ടികളാണ് വിസ്‌കിഡ്‌സ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തിയത്. ഈമാസം ഒന്നുമുതല്‍ 14 വരെ ചലഞ്ച് നടത്താനായിരുന്നു തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വിസ്‌കിഡ്‌സ് ചലഞ്ച് ഹിറ്റായതോടെ പങ്കെടുക്കാന്‍ പിന്നെയും കുട്ടികളെത്തി. ഇതോടെ ഏപ്രില്‍ അഞ്ചുമുതല്‍ പത്ത് ദിവസത്തേക്ക് വിസ്‌കിഡ്‌സ് ചലഞ്ച് സീസണ്‍ 2 ആരംഭിച്ചു. കോയമ്പത്തൂര്‍ എഐസി റൈസിന്റെ കീഴിലുള്ള നീതി ആയോഗിന്റെ പിന്തുണയോടെ രത്തിനം ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളുമായി സഹകരിച്ചാണ് വിസ്‌കിഡ്‌സ് ചലഞ്ച് നടത്തുന്നത്.

ഒന്നുമുതല്‍ 12–--ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള അവസരങ്ങള്‍ മാതാപിതാക്കളിലേക്ക്‌ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അശ്വതി വേണുഗോപാലും ഭര്‍ത്താവ് സന്ദീപും ചേര്‍ന്നാണ് അവസര്‍ശാല ആരംഭിച്ചത്. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന്റെ സേവനം കൊച്ചി, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ,  ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കോവിഡ്–-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഗ്രൂപ്പായ ബ്രിഡ്ജ് ഫോര്‍ ബില്യണ്‍സ് സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന തെരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഒരു മാസത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്. അവസര്‍ശാലയാണ് ഇന്ത്യയില്‍നിന്ന് ഇതിനായി തെരഞ്ഞെടുത്ത ഏക സ്റ്റാര്‍ട്ട് അപ്പ്. വെബ്‌സൈറ്റ്: www.avasarshala.com


പ്രധാന വാർത്തകൾ
 Top