14 August Friday

ഈ വൈറ്റ്ബോര്‍ഡിന്‌ സ്വപ്‌നങ്ങളുടെ നിറമുണ്ട്‌

എ എസ് ജിബിനUpdated: Tuesday Jun 23, 2020

അധ്യാപിക അനു ആന്റണി ക്ലാസെടുക്കുന്നു

കൊച്ചി > ‘എല്ലാവര്‍ക്കും സുഖമല്ലേ. എല്ലാവരും നന്നായി വെക്കേഷന്‍ ആഘോഷിച്ചില്ലേ. ഇത് മഴക്കാലമല്ലേ. ആര്‍ക്കൊക്കെ മഴ ഇഷ്ടമാണ്. ടീച്ചറിനും മഴ ഇഷ്ടമാണ്...' പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷാ കേരളയുടെ പൊതുവിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ച ‘വൈറ്റ്ബോര്‍ഡ്‌’ പദ്ധതിയിൽ നാലാംക്ലാസിലെ പരിസ്ഥിതിപഠനം ആരംഭിച്ചതിങ്ങനെയാണ്. എഎസ്ഡി വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി അങ്കമാലി ബിആര്‍സി തയ്യാറാക്കിയ പാഠഭാഗം അവതരിപ്പിച്ചത് റിസോഴ്‌സ് ടീച്ചര്‍ അനു ആന്റണിയാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയാണ് വൈറ്റ്‌ബോര്‍ഡില്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ ക്ലാസുകള്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.

വൈറ്റ്‌ബോര്‍ഡിലൂടെ ഒന്നുമുതല്‍ ഏഴാംക്ലാസ് വരെയുള്ള പാഠങ്ങളാണ് ലഭിക്കുക. കാഴ്ചപരിമിതി, ശ്രവണപരിമിതി, പഠനവൈകല്യം, സെറിബ്രല്‍പാള്‍സി, ഓട്ടിസം എന്നിങ്ങനെ ഏതു പരിമിതിയാണോ കുട്ടി നേരിടുന്നത്, അതിനനുസരിച്ചുള്ള പ്രത്യേകം ക്ലാസുകള്‍ ലഭിക്കും. പാഠങ്ങള്‍ കുട്ടികള്‍ക്ക് ‘വൈറ്റ്ബോര്‍ഡ് എസ്എസ്‌കെ' എന്ന യുട്യൂബ് ചാനലിലൂടെയും ടെലിഗ്രാമിലൂടെയും നേരിട്ട് ലഭിക്കും. ബിആര്‍സികള്‍ കേന്ദ്രീകരിച്ച് ക്ലാസ് സംപ്രേഷണം ചെയ്യാൻ പ്രത്യേക സെന്ററുകളും ഒരുക്കിയിട്ടുണ്ട്. സെന്ററുകളില്‍ റിസോഴ്‌സ് അധ്യാപകരുടെ മേല്‍നോട്ടമുണ്ടാകും. ക്ലാസ്, വിഷയം, ഭിന്നശേഷി വിഭാഗം എന്നിവ കേന്ദ്രീകരിച്ച് അധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാകുന്ന വാട്‌സാപ് ഗ്രൂപ്പുകളും തയ്യാറാണ്. ഇതിലൂടെയോ ഫോണ്‍ വിളിച്ചോ കുട്ടികള്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാം. വര്‍ക്‌ഷീറ്റുകള്‍ ബിആര്‍സിതല കോര്‍ കമ്മിറ്റി വീടുകളില്‍ എത്തിക്കും.

ജില്ലയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 9651 കുട്ടികള്‍ക്ക് വൈറ്റ്ബോര്‍ഡ്‌ തുണയാകും. നാലാംക്ലാസിലെ പരിസ്ഥിതിപഠനത്തിന്റെയും അഞ്ചാംക്ലാസിലെ ഗണിതശാസ്ത്രത്തിന്റെയും പാഠഭാഗങ്ങള്‍ തയ്യാറാക്കാനാണ് ജില്ലയിലെ 15 ബിആര്‍സികള്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ബിആര്‍സി തയ്യാറാക്കിയ ഗണിതശാസ്ത്രപാഠവും വൈറ്റ്ബോര്‍ഡില്‍ ലഭ്യമാണ്. ഒരു പാഠഭാഗം ആറ് വ്യത്യസ്‌ത തരത്തില്‍ ഒരുക്കേണ്ടിവരും. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകളെന്ന് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഉഷ മാനാട്ട് പറഞ്ഞു. ഇത്‌ വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top