21 March Thursday

'ഞങ്ങള്‍ ഭരണഘടനയ്‌‌ക്കൊപ്പം'; കേരളത്തെ ഭിന്നിപ്പിക്കുന്നവര്‍ക്ക് താക്കീതായി സംഗമം

സ്വന്തം ലേഖകൻUpdated: Tuesday Nov 13, 2018

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ മേയര്‍ V K പ്രശാന്ത് ചൊല്ലിക്കൊടുക്കുന്നു

തിരുവനന്തപുരം > ആകാശത്തേക്കുയർന്ന മജന്ത ബലൂണുകളെ സാക്ഷിയാക്കി ആയിരങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറക്കെച്ചൊല്ലി. രാജ്യത്തെ ജനങ്ങൾക്ക‌് ഭരണഘടന നൽകുന്ന സുരക്ഷിതത്വം ഇല്ലാതാക്കാൻ വെമ്പുന്നവർക്കുള്ള ഓർമപ്പെടുത്തലായിരുന്നു അത‌്. യുവാക്കളും വനിതകളും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ അണി നിരന്ന ‘ഞങ്ങൾ ഭരണഘടനയ‌്ക്കൊപ്പം’ (വി ദ പീപ്പിൾ വിത്ത‌് ഇന്ത്യൻ കോൺസ‌്റ്റിറ്റ്യൂഷൻ) എന്ന സംഗമവേദി കേരളത്തെ ഭിന്നിപ്പിക്കുന്നവർക്കൊരു താക്കീതായി. ശബരിമല സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട‌് സുപ്രീംകോടതിവിധിക്കെതിരേ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധത്തിനെതിരേയാണ‌് സംഗമം. 

ചൊവ്വാഴ‌്ച രാവിലെ മുതൽ കേരളത്തിന്റെ വിവിധ കോണുകളിൽനിന്ന‌് നിരവധി പേർ തിരുവനന്തപുരം സെന്റട്രൽ സ‌്റ്റേഡിയത്തിലേക്കെത്തി. അവരിൽ യുവാക്കളും യുവതികളുമുണ്ടായിരുന്നു. വിവിധ ജാതി,മത, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളുണ്ടായിരുന്നു. കലാ, സാംസ‌്കാരിക‌ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളുമുണ്ടായിരുന്ന‌ു. മജന്ത നിറത്തിലുള്ള ബലൂണുകൾ, റിബണുകൾ എന്നിവ കൈകളിലേന്തിയും അതേനിറത്തിലുള്ള വസ‌്ത്രങ്ങളണിഞ്ഞുമാണ‌് അവരെത്തിയത‌്. സെൻട്രൽ സ‌്റ്റേഡിയത്തിന്റെ മധ്യഭാഗത്ത‌് ഒത്തുചേർന്നവർക്ക‌് മേയർ വി കെ പ്രശാന്ത‌് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

തുടർന്ന‌് സ‌്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിൽ ചേർന്ന‌ സാംസ‌്കാരിക സമ്മേളനത്തിൽ ദ ഹിന്ദു ഗ്രൂപ്പ‌് ചെയർമാൻ എൻ റാം, സാമൂഹിക പ്രവർത്തക ഷബ‌്നം ഹാഷ‌്മി, മന്ത്രിമാരായ ടി എം തോമസ‌് ഐസക‌്, കടകംപള്ളി സുരേന്ദ്രൻ, വി എ‌സ‌് സുനിൽ കുമാർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ, സി കെ ജാനു, പുന്നല ശ്രീകുമാർ, മലയരയ സമുദായത്തിന്റെ നേതാവ‌് പി  കെ സജീവ‌് തുടങ്ങിവർ സംസാരിച്ചു. സാഹിത്യകാരൻ സക്കറിയ, ഗുജറാത്ത‌് മുൻ ഡിജിപി ബി ശ്രീകുമാർ, ആർ വി ജി മേനോൻ, സണ്ണി എം കപിക്കാട‌്, ഐ ബി സതീഷ‌് എംഎൽഎ, ഡോ.ബി ഇക‌്ബാൽ, ജെ ദേവിക, ടി എൻ സീമ തുടങ്ങിയവർ പങ്കെടുത്തു. 

സംഗമത്തിനെത്തിയവരിൽ ഭൂരിഭാഗവും  യുവാക്കളും വിദ്യാർഥികളുമായിരുന്നു. വർഗീയ ശക്തികൾ എത്ര ശ്രമിച്ചാലും കേരളത്തിന്റെ പുരോഗമന കാഴ‌്ചപ്പാടുകളെ പിന്നിലേക്ക‌് നയിക്കാൻ കഴിയില്ലെന്ന‌് ഉറപ്പിക്കുന്നതായിരുന്നു യുവതയുടെ സാന്നിധ്യം.
ഊരാളി ബാന്റിന്റെ സംഗീത പരിപാടി, ഷഹബാസ‌് അമന്റെ പാട്ട‌്, ജയചന്ദ്രൻ കടമ്പാടിന്റെ നാടൻപാട്ട‌്, കൊൽക്കത്തയിൽനിന്നെത്തിയ ദേവ‌് ചൗധരിയുടെ ബാവുൽ സംഗീതം, മലയരയ സമുദായാംഗങ്ങളുടെ ഐവർകളി, കലോത്സവ വേദികളിലെ താരങ്ങളുടെ വിവിധ പരിപാടികൾ എന്നിവയും അരങ്ങേറി. രാത്രി എട്ടോടെ മെഴുകുതിരി ദീപം തെളിയിച്ച‌് സംഗമം സമാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top