മുണ്ടക്കൈക്കുള്ള കേന്ദ്ര സഹായം ‘വട്ടപ്പൂജ്യം’ ; തെളിവായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്
തിരുവനന്തപുരം
മുണ്ടക്കൈ ഉരുൾപൊട്ടൽ പശ്‌ചാത്തലത്തിൽ കേരളത്തിന് 153 കോടി രൂപ അനുവദിച്ചെന്ന കേന്ദ്ര സർക്കാർവാദം തെറ്റാണെന്നതിന് തെളിവായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്. കേന്ദ്ര സർക്കാർ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 153.47 കോടി രൂപ അനുവദിച്ചതായി ധനസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞദിവസം ലോക്‌സഭയിൽ മറുപടി നൽകിയിരുന്നു.
ഉരുൾപൊട്ടലിനെത്തുടർന്ന് സംസ്ഥാനം നൽകിയ നിവേദനം പരിഗണിക്കാനായി നവംബർ 16ന് ചേർന്ന ഉന്നതതല സമിതി എസ്‌ഡിആർഎഫിന്റെയും എൻഡിആർഎഫിന്റെയും മാനദണ്ഡം അനുസരിച്ച് 153.47 കോടി രൂപയുടെ സഹായമാണ് അംഗീകരിച്ചത്. ഇത് സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽനിന്ന് ക്രമീകരിക്കണം. ഉന്നതതല സമിതിയുടെ തീരുമാനങ്ങളടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗത്തിൽനിന്നുള്ള കത്ത് കഴിഞ്ഞദിവസം സംസ്ഥാനത്തിനു ലഭിച്ചു. 153.47 കോടി രൂപ അംഗീകരിച്ചെങ്കിലും ദേശീയ ദുരന്തപ്രതികരണ ഫണ്ടിൽ (എൻഡിആർഎഫ്) നിന്ന് ‘അനുവദിക്കുന്ന തുക പൂജ്യം’ എന്ന് കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്‌റ്റർ ഉപയോഗിച്ചതിന്റെയും ഉരുൾപൊട്ടൽബാധിത മേഖലയിലെ ചെളിമാറ്റാനുമുള്ള ചെലവ് പുറമേയാണ്. ഈ തുക സംസ്ഥാനം വഹിക്കണം. പിന്നീട് എൻഡിആർഎഫിൽനിന്ന് അനുവദിക്കും. എസ്‌ഡിആർഎഫിൽ ഉണ്ടെന്നു കേന്ദ്രം പറയുന്ന സംഖ്യ വിവിധ പ്രവൃത്തികളുടെ ചെലവിനത്തിൽ സർക്കാർ വകുപ്പുകൾ മുഖാന്തിരം നൽകാനുള്ളതാണ്. അതിനാൽ ഹെലികോപ്‌റ്റർ ഉപയോഗത്തിനുൾപെടെയുള്ള ബില്ലിലെ തുക അടയ്‌ക്കണമെങ്കിൽ എസ്‌ഡിആർഎഫിൽ ഫണ്ട് ഉണ്ടാകില്ല. ചെളി നീക്കംചെയ്യൽ ജനുവരിയോടെയേ ആരംഭിക്കാനാകൂ. അതിനും സംസ്ഥാനം തുക കണ്ടെത്തേണ്ടിവരും.
ഉരുൾപൊട്ടൽ ദുരന്താശ്വാസം ലഭിച്ചിട്ടില്ലെങ്കിലും ‘കടലാസിലെ സഹായം’ ചൂണ്ടിക്കാണിച്ച് വയനാടിന് കേന്ദ്രം ഫണ്ട് അനുവദിച്ചുവെന്നാണ് ബിജെപി പ്രചാരണം.
0 comments