Deshabhimani

വയനാടിന്‌ പ്രത്യേകസഹായം ; പാർലമെന്റിലും ഉറപ്പുനൽകാതെ കേന്ദ്ര സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 01:54 AM | 0 min read


ന്യൂഡൽഹി
വയനാട്‌ ദുരന്തത്തിന്‌ ഇരയായവരുടെ പുനരധിവാസത്തിനായി പ്രത്യേക സഹായം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അലംഭാവം തുടരുന്നു. പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ട്‌ സുരേഷ്‌ ഗോപി ഒഴികെയുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കണ്ടപ്പോൾ ദുരന്തനിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിൽ ലോക്‌സഭയിൽ നിലപാട്‌ അറിയിക്കാമെന്ന്‌ ഉറപ്പുനൽകിയിരുന്നു. എന്നാൽ വ്യാഴാഴ്‌ച ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മറുപടി നൽകാൻ അമിത്‌ ഷാ എത്തിയതേയില്ല. സഹമന്ത്രി നിത്യാനന്ദ്‌ റായി ആണ്‌ മറുപടി നൽകിയത്‌. കേരളത്തിന്‌ അർഹമായ എല്ലാ സഹായവും കേന്ദ്രം നൽകിയിട്ടുണ്ടെന്നും പ്രത്യേക പാക്കേജ്‌ എന്ന സംസ്ഥാനത്തിന്റെ ആവശ്യം വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി പരിശോധിച്ചുവരികയാണെന്നുമായിരുന്നു പ്രതികരണം. വയനാട്‌ ദുരന്തബാധിതരോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയിൽ പ്രതിഷേധിച്ച്‌ കേരളത്തിൽ നിന്നുള്ള എംപിമാർ മന്ത്രിയുടെ മറുപടി ബഹിഷ്‌ക്കരിച്ച്‌ വാക്കൗട്ട്‌ നടത്തി.

ചർച്ചയിൽ സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ അടക്കമുള്ളവർ കേന്ദ്രം കാട്ടുന്ന അവഗണന വിശദീകരിച്ചിരുന്നു. എന്നാൽ, എല്ലാ സഹായവും നൽകിയിട്ടുണ്ടെന്നായിരുന്നു നിത്യാനന്ദ്‌ റായിയുടെ പ്രതികരണം. ദുരന്തം ഉണ്ടായതിന്‌ പിന്നാലെ വ്യോമസേനയും കരസേനയും എൻഡിആർഎഫും വയനാട്ടിലെത്തി രക്ഷാപ്രവർത്തനം നടത്തി. പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരന്തരം വീക്ഷിച്ചു. ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയുമായി തുടർച്ചയായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നേരിട്ട്‌ വയനാട്‌ സന്ദർശിച്ച്‌ ദുരന്തബാധിതരെ ആശ്വസിപ്പിച്ചു. വയനാടിന്റെ പുനരധിവാസത്തിനായി കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന്‌ ഉറപ്പുനൽകി.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ പണം സംസ്ഥാന ദുരന്തനിവാരണ നിധിയിലൂടെ (എസ്‌ഡിആർഎഫ്‌) കേന്ദ്രം നൽകിയിട്ടുണ്ട്‌. 2219 കോടി രൂപ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്‌. സർക്കാർ നിയോഗിച്ച സമിതി അത്‌ പരിശോധിച്ചുവരികയാണ്‌. അവരുടെ റിപ്പോർട്ടിന്‌ അനുസൃതമായി ആവശ്യമായ തീരുമാനം കേന്ദ്രമെടുക്കും–- മന്ത്രി പറഞ്ഞു. വയനാടിന്‌ അർഹമായ സഹായം അനുവദിക്കുന്നതിൽ കേന്ദ്രം ബോധപൂർവ്വമായ കാലതാമസം വരുത്തുകയാണെന്ന്‌ കേരളത്തിൽ നിന്നുള്ള എംപിമാർ ചൂണ്ടിക്കാട്ടി. സഹായം എപ്പോൾ പ്രഖ്യാപിക്കുമെന്ന്‌ പോലും വ്യക്തമാക്കാത്ത മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ എംപിമാർ ഇറങ്ങിപോയി.



deshabhimani section

Related News

0 comments
Sort by

Home