Deshabhimani

മുണ്ടക്കൈ ദുരന്തം ; അടിയന്തരസഹായം ലഭിക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:21 AM | 0 min read


ന്യൂഡൽഹി
മുണ്ടക്കൈ ദുരന്തനിവാരണത്തില്‍ സംസ്ഥാനത്തിന്‌ അടിയന്തര  സഹായം ഉറപ്പ് നൽകാതെ കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ  ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ കേന്ദ്രത്തിന്റെ വഞ്ചന ആവർത്തിച്ച്‌ വ്യക്തമായത്‌.  ദുരന്തനിവാരണത്തിന് മതിയായ തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ  മറുപടി.

താൽക്കാലിക ദുരിതാശ്വാസത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട  214.68 കോടി  രൂപയിൽ 153.47 കോടി നൽകാൻ  ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ മിച്ചമുള്ള തുകയുടെ 50  ശതമാനമായി ഇത്‌  ക്രമീകരിച്ചിരിക്കയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന്‌ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50 ശതമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ച തുകയേക്കാൾ കൂടുതൽ ആയതിനാൽ ഇപ്പോൾ  ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നും സംസ്ഥാനത്തിന്‌  ലഭിക്കില്ല. ഉദാഹരണമായി 2019-–-20ൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര  സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും ദേശീയ ദുരന്ത നിവാരണഫണ്ടിൽനിന്ന്‌ സംസ്ഥാനത്തിന്‌  തുകയൊന്നും ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ  ഫണ്ടിൽ ഇതിലേറെ തുക നീക്കിയിരിപ്പുണ്ടെന്ന കാരണത്താലായിരുന്നു   സഹായ നിഷേധം.

മുണ്ടക്കൈ  ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ്‌ കേന്ദ്ര നിലപാട്. ഈ ഉരുൾപൊട്ടൽ തീവ്ര സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രം പ്രഖ്യാപിക്കാത്തതിനാൽ  എംപി ഫണ്ടിൽനിന്നും തുക വിനിയോഗിക്കാൻ സാധിക്കുന്നില്ലെന്ന്‌ ജോൺ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.



deshabhimani section

Related News

0 comments
Sort by

Home