Deshabhimani

വയനാട്‌ ദുരന്തം ; കേന്ദ്രസഹായം തന്നില്ലെങ്കിലും പുനരധിവസിപ്പിക്കും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 01:57 AM | 0 min read


പാലക്കാട്‌   
കേന്ദ്രസർക്കാർ സഹായം തന്നാലും ഇല്ലെങ്കിലും ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ മികച്ചരീതിയിൽ പുനരധിവസിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊടുന്തിരപ്പുള്ളിയിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ്രഖ്യാപിച്ച കാര്യങ്ങൾ ആ നിലയ്‌ക്ക്‌ നടക്കും. നല്ല രീതിയിലുള്ള ടൗൺഷിപ് ഉണ്ടാകും. അതോടൊപ്പം എല്ലാവർക്കും ജീവിതമാർഗം ഒരുക്കും. സ്ത്രീകൾക്ക് തൊഴിൽ നൽകാനുള്ള പ്രത്യേക പദ്ധതികളും നൈപുണ്യ വികസനപരിപാടികളും സജ്ജമാക്കും. ലോകം ശ്രദ്ധിക്കത്തക്ക പുനരധിവാസ നടപടികളാകും സ്വീകരിക്കുക. അവകാശപ്പെട്ട കാര്യങ്ങളാണ്‌ കേന്ദ്രത്തോട്‌ ചോദിക്കുന്നത്‌. മറ്റിടങ്ങളിൽ സഹായം നൽകി. അതുപോലെ കേരളത്തോടും കാണിക്കണ്ടേ. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അത്തരം വികാരത്തോടൊപ്പം നിൽക്കുന്ന പാർടിയല്ല, നാട്‌ ഒരുതരത്തിലും പച്ചപിടിച്ചുപോകരുതെന്ന്‌ അവർ ആഗ്രഹിക്കുന്നു.  

ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി അവിടെ വന്നു. ഇത്രയും വലിയ ദുരന്തമുഖത്ത്‌ സഹായിക്കുമെന്നാണ്‌ കരുതിയത്‌. ആവശ്യമായ സഹായം ലഭിക്കുമെന്ന്‌ കരുതിയപ്പോഴാണ്‌ കേരളത്തിന്റെ  കൈവശം പണമുണ്ടെന്ന്  തെറ്റിദ്ധാരണ പരത്തുന്ന അറിയിപ്പ്‌ വന്നത്‌. എല്ലാ സംസ്ഥാന സർക്കാരിന്റെ കൈവശവും പണമുണ്ട്‌. ആ പണം ദുരന്തമുഖത്ത് ചെലവിടാനുള്ളതാണ്‌. ഈ പ്രത്യേക ദുരന്തം സാധാരണയിലും കവിഞ്ഞതാണ്‌. അതുകൊണ്ടാണ്‌ 1200 കോടി രൂപ ചോദിച്ചത്‌. വിശദമായ കണക്കിൽ വലിയ തുക വരുന്നുണ്ട്‌. വലതുപക്ഷ മാധ്യമങ്ങൾ തെറ്റായ ചിത്രം വരച്ചുകാട്ടാൻ ശ്രമിച്ചു. കേരളം കള്ളക്കണക്ക്‌ നൽകിയെന്ന്‌ പറയാനാണ്‌ ശ്രമിച്ചത്‌.

മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതിയും ശക്തമായ വിമർശം നടത്തി. ഇനിയും കേന്ദ്ര സർക്കാരിനെ സമീപിക്കും. അത് സംസ്ഥാനത്തിന്റെ അവകാശമാണ് –- മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home