Deshabhimani

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ; ഭൂമി ഏറ്റെടുക്കാൻ 
അനുവദിക്കണമെന്ന് സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 12:54 AM | 0 min read


കൊച്ചി
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കാൻ എത്രയുംവേഗം അനുവദിക്കണമെന്ന് സർക്കാർ ഹെെക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ടാൽ, ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക സിവിൽ കേസിലെ തീർപ്പിന് വിധേയമായി കോടതിയിൽ കെട്ടിവയ്‌ക്കാം. ടൗൺഷിപ് ഉടനെ നിർമിക്കേണ്ടതാണെന്നും സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.

നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹർജികളിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാൻ മാറ്റി. ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികൾ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പരിഗണിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവൻ നഷ്ടപരിഹാരത്തുകയും 2013ലെ നിയമപ്രകാരം ഉടൻ ലഭിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.  നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപ്പറ്റ എൽസ്‌റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്.



deshabhimani section

Related News

0 comments
Sort by

Home