13 October Sunday

മുണ്ടക്കൈ ഉരുൾപൊട്ടൽ ; താൽക്കാലിക പുനരധിവാസം 
5 ദിവസത്തിനുള്ളിൽ പൂർത്തിയാകും

സ്വന്തം ലേഖകൻUpdated: Friday Aug 23, 2024


കൽപ്പറ്റ
ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം 27നുള്ളിൽ പൂർത്തിയാകും. ദുരിതബാധിതരായ 794 കുടുംബങ്ങളിൽ 35 പേരാണ്‌ നാല്‌ ക്യാമ്പുകളിലായി അവശേഷിക്കുന്നത്‌.  21 കുടുംബങ്ങളെ കൂടി വെള്ളിയാഴ്‌ച മാറ്റിപ്പാർപ്പിക്കും. ഇതോടെ ക്യാമ്പുകളിലുള്ള കുടുംബങ്ങൾ 14 ആകും. താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷം കുടുംബങ്ങളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ചാണ്‌ താമസസൗകര്യം ഒരുക്കുന്നത്‌. ക്യാമ്പുകളിൽനിന്ന്‌ മാറിയവരെ ബന്ധപ്പെടാനും ആവശ്യങ്ങൾ ഒരുക്കാനും ഹെൽപ്പ്‌ ഡെസ്‌ക്‌  ആരംഭിച്ചു. വീട്ടുപകരണങ്ങൾ, അവശ്യസാധനങ്ങൾ എന്നിവയടങ്ങിയ കിറ്റ്‌ ലഭ്യമാക്കിയെന്ന്‌  ഉദ്യോഗസ്ഥർ ഉറപ്പാക്കും. ഉപജീവന പാക്കേജ് ഒരുക്കുന്നതിന്‌ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രന്റെ അധ്യക്ഷതയിൽ വകുപ്പുകളുടെ യോഗം ചേർന്നു. താൽക്കാലിക വീടുകളിലേക്ക്‌ മാറിയവരുൾപ്പെടെയുള്ള ദുരിതബാധിതരെ സന്ദർശിക്കാൻ ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച ജില്ലയിലെത്തും.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മേപ്പാടിയിലെ ഗവ. യുപി സ്‌കുൾ, സെന്റ്‌ ജോസഫ്‌ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ്‌ ജോസഫ്‌ യുപി സ്‌കൂൾ എന്നിവ വ്യാഴാഴ്‌ച തുറക്കും. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സെപ്‌തംബർ രണ്ടിനുള്ളിൽ തുറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികളെ കൂടി ഉൾക്കൊള്ളാനുള്ള സജ്ജീകരണം ഒരുങ്ങുകയാണ്‌.

ദുരന്തമേഖലയിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരും. സൂക്ഷ്‌മമായ തിരച്ചിന്‌ 60 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. 209 പൊലീസ്‌ ഉദ്യോഗസ്ഥരും തിരച്ചിലിനും  സേവനങ്ങൾക്കുമായുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top