21 September Saturday

ഡിഎൻഎ പരിശോധന ; 270 മരണം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 270 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഡിഎൻഎ പരിശോധന‌ക്ക്‌ വിധേയമാക്കിയതിൽനിന്നാണ്‌ ഈ കണക്ക്‌. ശരീരഭാഗങ്ങളുടെയും കാണാതായവരുടെ ബന്ധുക്കളുടെയും ഡിഎൻഎ പരിശോധനാ ഫലങ്ങളുടെ ക്രോസ്‌ മാച്ചിങ് പൂർത്തിയായാൽ യഥാർഥ മരണസംഖ്യയിലേക്ക്‌ എത്താനാകും. ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 22 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന‌ക്ക്‌ മുമ്പ്‌ ബന്ധുക്കൾക്ക്‌ നൽകിയിരുന്നു. പിന്നീട്‌ എല്ലാം പരിശോധനക്കയച്ചു. 420 സാമ്പിളുകളാണ്‌ അയച്ചത്‌. ഇതിൽ 194 മൃതദേഹങ്ങളുണ്ടായിരുന്നു.  ശരീരഭാഗങ്ങളിൽ 155 എണ്ണം പരിശോധിച്ചതിൽ ഇവ 54 മൃതദേഹങ്ങളുടെതാണെന്ന്‌  കണ്ടെത്തി. ഇതോടൊപ്പം ആദ്യഘട്ടത്തിൽ സംസ്‌കരിച്ച 22 എണ്ണവും കൂട്ടിയാണ്‌ 270 എന്ന കണക്ക്‌. ഇനിയും കണ്ടെത്താൻ കഴിയാത്ത  118പേരിൽ 115 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിൾ ഡിഎൻഎ പരിശോധന നടത്തി. ക്രോസ്‌ മാച്ചിങ് പൂർത്തിയാകുന്നതോടെ തിരിച്ചറിയാത്ത മൃതദേഹങ്ങളിലും മരണസംഖ്യയിലും കൂടുതൽ വ്യക്തതയുണ്ടാകും.

ബുധനാഴ്‌ച ചാലിയാറിലും മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തിയ പരിശോധനയിൽ മൃതദേഹങ്ങളോ, ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ഇപ്പോൾ നടത്തുന്ന തിരച്ചിൽ ഇതേനിലയിൽ രണ്ടുദിവസംകൂടി തുടരും. കാണാതായവരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ചൊവ്വാഴ്‌ചത്തെ തിരച്ചലിൽ ലഭിച്ച ഒരു മൃതദേഹവും മൂന്ന്‌ ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്‌കരിച്ചു. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവർ ബുധനാഴ്‌ചയും ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ച്‌ തിരച്ചിലുൾപ്പെടെ വിലയിരുത്തി.

379 പേർക്ക്‌ ധനസഹായം നൽകി
ഉരുൾപൊട്ടൽ ദുരന്തബാധിതരായ 379പേർക്ക്‌ സർക്കാർ ധനസഹായം വിതരണം ചെയ്‌തതായി  മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ബുധൻ വൈകിട്ട്‌ നാലുവരെയുള്ള കണക്കാണിത്‌.  ദുരന്തം നേരിട്ട്‌ ബാധിച്ച കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ സഹായമാണ്‌ ചൊവ്വാഴ്ച മുതൽ നൽകിത്തുടങ്ങിയത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ നേരത്തെമുതൽ നൽകുന്നുണ്ട്‌. ഇതിനുപുറമേയാണ്‌ ഇപ്പോഴത്തെ സഹായം. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്‌ ഇല്ലാതെതന്നെ തുക അനുവദിക്കുമെന്ന്‌ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദഗ്‌ധ സംഘം 
2 ദിവസംകൂടി വയനാട്ടിൽ
ഉരുൾപൊട്ടലിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം രണ്ടുദിവസംകൂടി വയനാട്ടിൽ തുടരും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്‌ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുരന്തബാധിത മേഖല സന്ദർശിക്കും. ചൊവ്വാഴ്‌ച ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top