13 October Sunday

കനത്ത മഴ ; പാലം കവിഞ്ഞൊഴുകി , കുത്തൊഴുക്കിൽപ്പെട്ട പശുവിന്‌ 
രക്ഷകരായി അഗ്നിരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


ചൂരൽമല
ചൂരൽമലയിലും മുണ്ടക്കൈയിലും ചൊവ്വാഴ്‌ച ശക്തമായ മഴ. പകൽ രണ്ടിന്‌ ആരംഭിച്ച മഴ തോരാതെ തുടർന്നതോടെ ചൂരൽമല, പുത്തുമല പ്രദേശത്തെ വീടുകളിലുള്ളവരെ തൃക്കൈപ്പറ്റ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാറ്റി. കുത്തിയൊലിച്ചെത്തിയ വെള്ളം ബെയ്‌ലി പാലത്തിന്‌ സമീപമുണ്ടായിരുന്ന താൽക്കാലിക പാലം കവിഞ്ഞൊഴുകി. മഴയെ തുടർന്ന്‌ പകൽ മൂന്നിനുശേഷം തിരച്ചിൽ അവസാനിപ്പിച്ചു.
 

കുത്തൊഴുക്കിൽപ്പെട്ട പശുവിന്‌ 
രക്ഷകരായി അഗ്നിരക്ഷാസേന
രണ്ടുമണിക്കൂറോളം ചൂരൽമലയിൽ പെയ്ത ശക്തമായ മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്ന് പശു ഒഴുകിപ്പോയി. ചൊവ്വ പകൽ രണ്ടോടെയാണ് കുത്തൊഴുക്കുണ്ടായത്. ബെയ്‌ലി പാലത്തിന് സമീപം നിർമിച്ച താൽക്കാലിക നടപ്പാലത്തിന്റെ കമ്പികളിലാണ് ഒഴുകിയെത്തിയ പശുവിന്റെ കാലുകൾ കുടുങ്ങിയത്. വെള്ളം ഉയർന്ന്‌ പാലം മുങ്ങിയിരുന്നു. മറുകരയിലുണ്ടായിരുന്ന അഞ്ച്‌ പശുക്കളിൽ ഒരു കിടാവടക്കം രണ്ടെണ്ണം ഒഴുക്കുകൂടിയ സമയത്ത് പുഴയിലേക്ക് ചാടി മറുകരയിലേക്ക് നീന്തുകയായിരുന്നു.

കിടാവ് ഒഴുക്കിൽപ്പെട്ടെങ്കിലും നീന്തി കരയ്‌ക്കെത്തി. ഒഴുക്കിലകപ്പെട്ട തള്ളപ്പശു നീന്തുന്നതിനിടെയാണ് കുടുങ്ങിയത്. കാലെടുക്കാനാകാതെ മുങ്ങി. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സിവിൽ ഡിഫൻസ് അംഗങ്ങളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുത്തൊഴുക്കിനെ വകവയ്ക്കാതെ പാലത്തിലേക്ക് ഇറങ്ങി പശുവിന്റെ മുഖം ഉയർത്തിപ്പിടിച്ചു. കഴുത്തിൽ കയർ കെട്ടി ഒഴുകിപ്പോകാതെ വലിച്ചുപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ കുത്തൊഴുക്കിലേക്ക് ഇറങ്ങി കമ്പി മുറിച്ചാണ്‌ പശുവിനെ രക്ഷിച്ചത്‌. അരമണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് കരയ്‌ക്കെത്തിച്ചത്. പശുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. അൽപ്പനേരം പുഴക്കരയിൽ കിടത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top