18 September Wednesday

വയനാട് ദുരന്തം: തിങ്കളാഴ്ച തിരച്ചിലിൽ കണ്ടെത്തിയത് ആറ് മൃതദേഹം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കൽപ്പറ്റ> വയനാട് ദുരന്തഭൂമിയിൽ ഏഴാംദിനം നടന്ന തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. വയനാട്ടിൽ നിന്ന് അഞ്ചും നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് തിങ്കളാഴ്ച ലഭിച്ചത്.

ആറു സോണുകളിലായി നടന്ന തിരച്ചിലിൽ വിവിധ സേനകളിൽ നിന്നായി 1174 പേർ പങ്കെടുത്തു. 84 ഹിറ്റാച്ചികളും അഞ്ച് ജെസിബികളുമാണ് തിരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. പുഞ്ചിരിമട്ടം മേഖലയിൽ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. രണ്ടു ഹിറ്റാച്ചികൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. മുണ്ടക്കൈ മേഖലയിൽ നടത്തിയ തിരച്ചിലിൽ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികൾ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

സ്കൂൾ റോഡിലും പരിസരത്തും കൂടുതൽ യന്ത്രങ്ങൾ പരിശോധനയ്ക്കെത്തിച്ചു. 25 ഹിറ്റാച്ചികൾ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാ‍ഡ്, തമിഴ്നാട് ഫയർസർവീസിൻറെ ഡോഗ് സ്ക്വാഡ് എന്നിവയും തെരച്ചിലിൽ പങ്കുചേർന്നു. 276 സേനാംഗങ്ങൾ ചൂരൽമല ടൗണിലും പരിസരത്തും തിരച്ചിൽ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെ തെരച്ചിൽ നടത്തി.

110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികൾ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. വനംവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ 101 പേർ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തിൽ നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. വയനാട്ടിൽ നിന്നും നൂറ്റിയമ്പതും നിലമ്പൂരിൽ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വയനാട്ടിൽ നിന്നും 24, നിലമ്പൂരിൽ നിന്നും 157 ഉൾപ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയിലെ ഹാരിസൺ മലയാളം  ലിമിറ്റഡ് പ്ലാൻറേഷന്റ് ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. സംസ്കരിച്ചവയിൽ 14 സ്ത്രീകളുടെയും 13 പുരുഷൻമാരുടെയും മൃതദേഹങ്ങളാണ് ഉൾപ്പെടുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങളും സംസ്കരിച്ചു. മൃതശരീരങ്ങൾ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുവരെ 83 രക്ത സാമ്പിളുകൾ ശേഖരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top