18 September Wednesday

ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും: കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്‌കൂൾ പുനർ നിർമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ,  അധ്യാപകർ, പിടിഎ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരിതാശ്വാസ ക്യാമ്പ് മാറ്റുന്നതനുസരിച്ച് മേപ്പാടി സ്‌കൂളിൽ പഠനം പുനഃരാരംഭിക്കും. വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികളെ ഇവിടെ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. ഇതിന് മേൽനോട്ടം വഹിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനെയും ചുമതലപ്പെടുത്തി.

20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതരായ കുട്ടികൾക്ക് കൗൺസലിങ് നൽകും. ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിലെ സെപ്റ്റംബർ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികൾക്ക്, തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും ഉദ്യോഗസ്ഥർ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. കുട്ടികളുടെ യാത്ര സംബന്ധിച്ച കാര്യങ്ങൾ കെഎസ്ആർടിസിയുമായി ആലോചിക്കും.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക്  വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും. കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആർ ടി സിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കൈറ്റ് കമ്പ്യൂട്ടറുകൾ ലഭ്യമാക്കും.  ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുന നിർമ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവൺമെൻറ് എൽപി സ്കൂൾ പുനനിർമ്മിക്കുന്നതിന് ചലച്ചിത്ര താരം മോഹൻലാൽ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുന നിർമാണത്തിന് പൊതുവിദ്യാഭ്യാസ  വകുപ്പ്  പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, ഒ ആർ കേളു, ടി സിദ്ദിഖ് എം എൽ എ, , പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, കൈറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ അൻവർ സാദത്ത്, സ്കോൾ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പ്രമോദ്, എസ് ഐ ഇ ടി ഡയറക്ടർ  ഡോ. അബുരാജ്, വയനാട് ഉപവിദ്യാഭ്യാസ ഡയറക്ടർ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുത്തു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top