ചൂരൽമല > 1984, 2019, 2024... മൂന്ന് ഉരുൾപൊട്ടൽ. മൂന്ന് തവണയും മരണത്തെ മുഖാമുഖംകണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നെടുവീർപ്പിലാണ് ചൂരൽമല ഗോപിമൂലയിലെ കൂലിത്തൊഴിലാളികൾ നടുപ്പട്ടി ആദിശിവനും ചന്ദ്രനും. 1984ലും 2019ലും കുത്തിയൊലിച്ചത്തിയ മഴവെള്ളത്തെ അതിജീവിച്ചു. ഇത്തവണ വെള്ളം ഇരച്ചെത്തി വീട്ടുമുറ്റം വഴി സൂചിപ്പാറഭാഗത്തേക്ക് ഒഴുകിപ്പോയി. ഉരുൾപൊട്ടലിൽ ഏറ്റവുമധികം മൃതദേഹങ്ങൾ അടിഞ്ഞുകിടന്ന വില്ലേജ് റോഡിനടുത്താണ് ഇവരുടെ വീടുകളും.
""പ്രിയപ്പെട്ടവരെയെല്ലാം കവർന്നെടുത്ത ചൂരൽമലയിലേക്ക് ഇനിയില്ല. ആ മണ്ണിന് ഞങ്ങളെ വേണ്ടാതായി. ജാതിക്കും മതത്തിനും അതീതമായാണ് കഴിഞ്ഞത്. അമ്പലവും പള്ളിയും ആരാധനാലയങ്ങളും ഉരുളെടുത്തു. സ്കൂള് പോയി, കടകൾ തകർന്നു. ഇനി മഴ കനക്കുമ്പോൾ പേടിക്കാതെ അന്തിയുറങ്ങാനൊരു കൂരമതി, വേറെ എവിടെയെങ്കിലും. നാട്ടുകാർ അവിടെ അടുത്തുണ്ടായാൽ മതി. കൂലിപ്പണിയെടുത്ത് ജീവിച്ചോളാം''– ആദിശിവൻ പറഞ്ഞു.
""60 ശതമാനത്തിലധികം മാനസികവെല്ലുവിളി നേരിടുന്ന മകളുമായി മഴക്കാലത്ത് ബന്ധുവീടുകളിലേക്കുള്ള യാത്രയ്ക്ക് അറുതിവേണം. ഈ നാട്ടിൽനിന്ന് മാറി താമസിക്കാൻ സൗകര്യമുണ്ടായാൽ മതി''–- ചന്ദ്രനുംമനസ്സ് തുറന്നു. സുരക്ഷകരുതി ഗോപിമൂലയിലെ 12 വീട്ടുകാരെ മേപ്പാടി സെന്റ് ജോസഫ് യൂപി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..