മുണ്ടക്കൈ ദുരന്തം: കേന്ദ്രത്തെ തലോടി പ്രിയങ്ക; കുറ്റം കേരളത്തിന്റേതെന്ന്
തിരുവനന്തപുരം > മുണ്ടക്കൈ ദുരന്തത്തിൽ ലോകത്തിനുതന്നെ മാതൃകയായ രക്ഷാപ്രവർത്തനം നടത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി എം പി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യമായി വയനാട്ടിൽ എത്തിയപ്പോഴാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞുപഠിപ്പിച്ച ആരോപണം പ്രിയങ്ക ഉന്നയിച്ചത്. എന്നാൽ, ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും അഞ്ചുപൈസയുടെ സഹായം നൽകാത്ത കേന്ദ്രസർകാരിനെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ ശ്രദ്ധിക്കുകയും ചെയ്‌തു.
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് എല്ലാവരും ഒരുപോലെ സമ്മതിച്ചതാണ്. ദുരിതാശ്വാസക്യാമ്പുകളും അവിടെനിന്ന് സർക്കാർ വാടകയ്‌ക്കെടുത്ത വീടുകളിലേക്കുള്ള മാറ്റിപ്പാർപ്പിക്കലും, നഷ്‌ടപരിഹാരങ്ങളും, പ്രതിദിനം 300 രൂപ നൽകിയതുമെല്ലാം സംസ്ഥാനമാണ് നിർവഹിച്ചത്. ഒന്നിലും പരാതിയുണ്ടായില്ല. പുനരധിവാസത്തിന് ഭൂമിയേറ്റെടുക്കൽ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടൻ സാധ്യമാകും. ടൗൺഷിപ്പ് നിർമിക്കാൻ രൂപരേഖയും സർക്കാർ തയ്യാറാക്കി. ഇതെല്ലാം സമൂഹത്തിന് ബോധ്യമുള്ളതാണ്. എന്നിട്ടും അക്രമസമരം നടത്തി ക്രമസമാധാനപ്രശ്‌നമുണ്ടാക്കാൻ വരെ കോൺഗ്രസ് ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് കലക്ടറേറ്റിനുമുന്നിൽ പൊലീസുകാരെ ആക്രമിച്ച് കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. ഇവിടെ സമരം നടത്തുകയായിരുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ടവരേയും ആക്രമിച്ചു. കേന്ദ്രസർക്കാർ ഓഫീസിനുപകരം കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസുകാരെ പറഞ്ഞയച്ചത് എന്തിന് എന്ന ചോദ്യമാണുയരുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് പ്രിയങ്കയുടെ പ്രതികരണം.
0 comments