10 September Tuesday

വയനാട് ദുരന്തം; മുണ്ടക്കൈയിലും ചൂരൽമലയിലും നാളെ ജനകീയ തിരച്ചിൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

തിരുവനന്തപുരം > മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ക്യാമ്പിൽ കഴിയുന്നവരെ വാഹനങ്ങളിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെയും മറ്റ് സന്നദ്ധപ്രവർത്തകർക്കും ഒപ്പമാണ് പ്രദേശത്തേക്ക്  കൂടെ എത്തിക്കുക. 6 മേഖലകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. സാധ്യമായ മാർ​ഗങ്ങളെല്ലാം ഉപയോ​ഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. വയനാട് ദുരന്തം ​ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അം​ഗസമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി  രാജീവ് കുമാറാണ്  ടീം ലീഡർ. സമ​ഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള നില നോക്കിയാൽ കേന്ദ്രത്തിൽനിന്ന് അനുകൂലമായ നിലയാണുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കുകയും പുനരധിവാസം ഉറപ്പുവരുത്തുകയും വേണം. അതിനായി ടൗൺഷിപ് അടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ​ഗൗരവം കണക്കിലെടുത്ത് കേന്ദ്രത്തിൻ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കാര്യങ്ങൾ അറിയിച്ചുകൊണ്ട് വിശദമായ കത്ത് എഴുതിയിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക.

ഒരാളുടെ തന്നെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം  ഇപ്പോള്‍ തിരിച്ചറിയുക പ്രയാസമാണ്. അതിനാല്‍ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ.  പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തെരച്ചില്‍ പൂര്‍ണ്ണമായിട്ടില്ല.

അതില്‍ 225 മൃതദേഹങ്ങളും 195 ശരീര ഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ് മാര്‍ട്ടങ്ങള്‍ നടത്തിക്കഴിഞ്ഞു. 7 ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും 2 ശരീര ഭാഗങ്ങളും  ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്.  ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും  അടക്കം 1942 പേരാണ് ഉള്ളത്.

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളിലെ സ്തുത്യര്‍ഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യന്‍ കരസേനാ, നാവിക സേനകളില്‍ ഒരു വിഭാഗം മടങ്ങി. മേജര്‍ ജനറല്‍ വി ടി മാത്യുവിന്‍റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണ് ദുരന്തമുഖത്തു നിന്ന് മടങ്ങിയത്. മറ്റ് സേനാവിഭാഗങ്ങള്‍ക്കൊപ്പം കാര്യക്ഷമമായ രീതിയിലുള്ള രക്ഷാതെരച്ചില്‍ ദൗത്യത്തിനു ശേഷമാണ് ഇവരുടെ മടക്കം. സൈന്യത്തിന്‍റെ ഭാഗമായുള്ള മിലിറ്ററി എഞ്ചിനീയറിങ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍മിച്ച ബെയ്ലി പാലം ദൗത്യത്തില്‍ നിര്‍ണായകമായിരുന്നു.

മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുള്‍പ്പെട്ടതായിരുന്നു. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ സൈന്യത്തിന് യാത്രയയപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top