Deshabhimani

ശിവപ്രസാദിന്റെ ചിത്രം പറഞ്ഞു; അത്‌ അവ്യക്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 01:10 AM | 0 min read

ചൂരൽമല > മരണം പെയ്‌തിറങ്ങിയ രാത്രിയിൽ ഉരുളെടുത്ത അവ്യക്തിനെ ഉറ്റവരിലേക്ക്‌ തിരികെയെത്തിച്ചത്‌ ശിവപ്രസാദ്‌ പകർത്തിയ ചിത്രം.  ദുരന്തത്തിന്റെ ആദ്യദിനം മണ്ണിൽപുതഞ്ഞ്‌ രക്ഷാപ്രവർത്തകർ വീണ്ടെടുത്ത  അവ്യക്ത്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്‌. ഈ കുഞ്ഞ്‌ അവ്യക്താണെന്ന്‌ ബന്ധുക്കൾ തിരിച്ചറിഞ്ഞതാവട്ടെ ദുരന്തത്തിന്റെ  അഞ്ചാംദിനത്തിലും. ഇതിന്‌ നിമിത്തമായത്‌ ദുരന്തമുഖത്തുനിന്ന്‌ ദേശാഭിമാനി ഫോട്ടോഗ്രഫർ എം എ ശിവപ്രസാദ്‌ പകർത്തിയ ചിത്രം.

ചൊവ്വാഴ്‌ച അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ ഒമ്പതുകാരനെ  പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ശിവപ്രസാദിന്റെ കാമറ  പകർത്തിയിരുന്നു. വെള്ളിയാഴ്‌ച ചൂരൽമല ഹൈസ്‌കൂൾ റോഡിൽ ചിത്രം പകർത്തുന്നതിനിടെ വീടിരുന്ന സ്ഥലത്ത്‌ പരിശോധന നടത്തുന്ന രണ്ടുപേരെ ശിവപ്രസാദ്‌ കണ്ടു. മനോജും സുരേഷും. അച്ഛൻ വാസു, അമ്മ ഓമന, സഹോദരൻ മഹേഷ്‌, മഹേഷിന്റെ മക്കളായ അരാധ്യ, അവ്യക്ത്‌ എന്നിവരെ കാണാതായ വിവരം സുരേഷ്‌ പറയുന്നതിനിടെ അവ്യക്തിന്റെ ചിത്രവും കാണിച്ചു. ചൊവ്വാഴ്‌ച രാവിലെ രക്ഷിച്ചത്‌ അവ്യക്ത്‌ ആകാനിടയുണ്ടെന്ന്‌ പറഞ്ഞ ശിവപ്രസാദ്‌ ആ ചിത്രം ബന്ധുക്കൾക്ക്‌ കൈമാറി.

രാത്രിതന്നെ ബന്ധുക്കൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിയെങ്കിലും കാണാനായില്ല. പിറ്റേന്ന്‌ രാവിലെ മനോജ്‌ കുഞ്ഞിനെ കണ്ടെങ്കിലും മുഖത്ത്‌ പരിക്കും നീരുമുള്ളതിനാൽ തിരിച്ചറിയാനായില്ല. ഇതിനിടെ മറ്റൊരു കുടുംബം അവരുടെ കുഞ്ഞാണെന്ന്‌ കരുതി അവ്യക്തിന്റെ പരിചരണം ഏറ്റെടുത്തിരുന്നു. ആരോഗ്യനില സങ്കീർണമായതിനാൽ കാണാൻ അനുവാദമില്ലാത്തതിനാൽ ഫോട്ടോ ആശുപത്രി അധികൃതർക്ക്‌ കൈമാറി അവ്യക്തിന്റെ ബന്ധുക്കൾ മടങ്ങി.  പിന്നീട്‌ ആശുപത്രി അധികൃതരാണ്‌ ഫോട്ടോ പരിശോധിച്ച്‌ ശനിയാഴ്‌ച വൈകിട്ട്‌ അവ്യക്താണെന്ന്‌ ഉറപ്പിച്ചത്‌.  മഹേഷിനെയും മറ്റ്‌ കുടുംബാംഗങ്ങളെയും കണ്ടെത്താനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home