വാകേരി > പൂതാടി പഞ്ചായത്തിലെ വാകേരിയിൽ വീണ്ടും കടുവ. തിങ്കൾ രാവിലെ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ സ്‌ത്രീ തൊഴിലാളികൾക്കുനേരെ കടുവ ചാടി. തൊഴിലാളികളായ ശാരദയും ഇന്ദിരയും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഏലച്ചെടികൾക്ക് മരുന്നടിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ പാറയുടെ മറവിൽനിന്ന് കടുവ ചാടിയെത്തുകയായിരുന്നു. ശാരദയുടെ നേരെയാണ് വന്നത്. ഉച്ചത്തിൽ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന ഇന്ദിരയുടെ നേരെ തിരിഞ്ഞു. ഇരുവരും നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ വീണ് ഇന്ദിരയുടെ കാലിന് പരിക്കേറ്റു. നിലവിളികേട്ട് ഓടിയെത്തിയ തൊഴിലാളി ഷീജയും കടുവയ്‌ക്ക് മുമ്പിൽപ്പെട്ടു. ഇവരും ഓടിമാറിയതോടെ കടുവ തൊട്ടടുത്ത ആറേക്കർ ഭാഗത്തെ വയലിലേക്ക് ഇറങ്ങി. ഇവിടെനിന്ന് രണ്ടാം നമ്പർ കള്ളിയാട്ട്കുന്നേൽ അനീഷിന്റെ വീടിന്റെ പിറകുവശത്തെത്തി. അനീഷിന്റെ ഭാര്യ ബിന്ദുവും മകനും കടുവയെ കണ്ട് പേടിച്ചു. പിന്നീട് ഏദൻ വാലി തോട്ടത്തിലേക്കുതന്നെ കയറിപ്പോയതായി അനീഷ് പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ തളർന്നുവീണ തൊഴിലാളികളെ മറ്റുപണിക്കാരെത്തി താങ്ങിയെടുത്താണ് തോട്ടത്തിന് പുറത്തെത്തിച്ചത്. ഇവരെത്തുമ്പോൾ മൂന്നുപേരും സംസാരിക്കാനാകാത്ത നിലയിലായിരുന്നു. വനപാലകർ നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. തോട്ടത്തിൽ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
ഏദൻവാലി അടക്കം 240 ഏക്കറോളം വരുന്ന മൂന്ന് തോട്ടങ്ങൾ അടുത്തടുത്താണ്. ഏലവും കാപ്പിയുമാണ് കൃഷി. കഴിഞ്ഞ 14ന് ഏദൻവാലിക്ക് സമീപത്തെ എസ്റ്റേറ്റ് റോഡിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. വാകേരി ടൗണിനടുത്തുള്ള മറ്റൊരു തോട്ടത്തിലും കടുവ എത്തിയതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ കടുവയെ കൂടുവച്ച് പിടിച്ച സ്ഥലത്തുനിന്ന് 700 മീറ്ററോളം മാറിയാണ് തിങ്കളാഴ്‌ച കടുവയെത്തിയത്. തോട്ടത്തിൽ സ്ഥിരമായി നിലയുറപ്പിച്ച കടുവയല്ലെന്നും കടന്നുപോകുമ്പോൾ തൊഴിലാളികളുടെ അരികിലേക്ക് എത്തിപ്പെട്ടതാകാമെന്നുമാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..