24 August Saturday

വയനാട്ടിൽ എംപി ഓഫീസ‌് തുറന്നില്ല: കോൺഗ്രസിൽ തർക്കം രൂക്ഷം; വയനാട‌് മറ്റൊരു അമേഠിയാകുമെന്ന‌് എ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

കൽപ്പറ്റ> തെരഞ്ഞെടുപ്പ‌് ഫലപ്രഖ്യാപനം വന്ന‌്  മൂന്ന‌ുമാസം കഴിഞ്ഞിട്ടും  വയനാട‌്  മണ്ഡലത്തിൽ എംപി ഓഫീസ‌് പോലും തുറന്നില്ല.  ഓഫീസ‌് തുറക്കുന്നതിലും പേഴ‌്സണൽ സ‌്റ്റാഫ‌് ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നത‌് സംബന്ധിച്ചും കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാണ‌്.  മണ്ഡലത്തിലെ നേതാക്കൾ ഡൽഹിയിൽപോയി രാഹുലിനെ നേരിട്ട‌ുകണ്ടിട്ടും ഒത്ത‌ുതീർപ്പായില്ല. ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്കുള്ളിലെ ഗ്രൂപ്പുകളും പിടിവലി തുടരുന്നതാണ‌് പ്രശ‌്നം സങ്കീർണമാക്കുന്നത‌്.

തങ്ങൾക്ക‌് കിട്ടിയ സീറ്റിൽ രാഹുലിനെ മത്സരിപ്പിച്ച‌് ഒതുക്കിയതിൽ എ വിഭാഗത്തിന‌് അമർഷമുണ്ട‌്‌. ഐ വിഭാഗത്തിനെതിരെയുള്ള നിലപാട‌് എ വിഭാഗം കൂടുതൽ കടുപ്പിച്ചതോടെ തീരുമാനം എടുക്കാൻ കഴിയാതെ കെപിസിസി നേതൃത്വവും വെട്ടിലായി.  മലപ്പുറം, കോഴിക്കോട‌്, വയനാട‌് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട‌് മണ്ഡലത്തിൽ മൂന്ന‌്  ജില്ലകളിലും ഓഫീസ‌് തുറക്കണമെന്ന വാശിയിലാണ‌് ഡിസിസികൾ. തൽക്കാലം  വയനാട്ടിലും  മുക്കത്തും  ഓഫീസ‌് തുറക്കാൻ ധാരണയായെങ്കിലും മലപ്പുറം ഡിസിസിക്ക‌് തീരുമാനത്തിൽ അതൃപ്തിയുണ്ട‌്.  മലപ്പുറത്തും മൂന്ന‌് നിയമസഭാ മണ്ഡലങ്ങളുണ്ടെന്നിരിക്കെ  ജില്ലയെ തഴയുന്നതായാണ‌് ആരോപണം.  മുസ്ലിംലീഗിനും ഇക്കാര്യത്തിൽ  അമർഷമുണ്ട‌്.

പേഴ‌്സണൽ അസിസ‌്റ്റന്റ‌് ഉൾപ്പെടെ അഞ്ച‌ുപേരെ നിയമിക്കുന്നതിനെ ചൊല്ലിയും  തർക്കം രൂക്ഷമാണ‌്. പിഎ ആയി സർവേ ഓഫീസിലെ ഒരു ജീവനക്കാരനെ നിയമിക്കണമെന്നാണ‌് വയനാട‌് ഡിസിസി പ്രസിഡന്റിന്റെ ശുപാർശ.  എന്നാൽ ഈ തീരുമാനത്തിനെതിരെ എതിർവിഭാഗം രംഗത്തെത്തിയതോടെ പോര‌് മുറുകി. കോഴിക്കോട‌് ഡിസിസി പ്രസിഡന്റും   മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പ‌് നേതാവ‌് ആര്യാടൻ മുഹമ്മദും  തങ്ങളുടെ നോമിനികൾക്കായി ചരട‌ുവലിക്കുന്നുണ്ട‌്. ഇതോടെ തീരുമാനം എടുക്കാനാകാതെ കെപിസിസി നേതൃത്വവും അങ്കലാപ്പിലാണ‌്.

രാഹുലിനെ പൊതുവേ ഐ ഗ്രൂപ്പ‌് ഹൈജാക്ക‌് ചെയ‌്തുവെന്ന നീരസമാണ‌് എ ഗ്രൂപ്പിന‌്. ഐ ഗ്രൂപ്പിൽതന്നെ വയനാട‌് ഡിസിസി പ്രസിഡന്റ‌് ഐ സി ബാലകൃഷ‌്ണന്റെ പ്രവർത്തന ശൈലിക്കെതിരെ ഗ്രൂപ്പിനതീതമായും എതിർപ്പുണ്ട‌്. തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ വയനാട‌് ജില്ലയിലെ കോൺഗ്രസ‌് പാർടിയിൽ കടുത്ത അനിശ്ചിതത്വവും ഭിന്നതയുമുണ്ട‌്. ജില്ലയിലെ പരമ്പരാഗത നേതാക്കളെയെല്ലാം അപ്രസക്തമാക്കി  സംസ്ഥാനത്തെ ഐ ഗ്രൂപ്പ‌് നേതൃത്വം രാഹുലിന്റെയും പാർടിയുടെയും നിയന്ത്രണം ഏറ്റെടുത്തതായാണ‌് മറു വിഭാഗത്തിന്റെ പരാതി.

ഈ ശൈലി തുടർന്നാൽ വയനാട‌് മറ്റൊരു അമേഠിയായി മാറുമെന്ന‌്  ഇവർ പറയുന്നു. മണ്ഡലത്തിന്റെ വികസന കാര്യം ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക‌് വിളിപ്പിച്ചതിലും അഭിപ്രായ ഭിന്നത രൂക്ഷമാണ‌്. വിയർപ്പൊഴുക്കിയ പലരെയും ഒഴിവാക്കിയാണ‌് ലിസ‌്റ്റ‌് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട‌്. മറ്റ‌് മണ്ഡലങ്ങളിലെല്ലാം എംപി ഓഫീസ‌് പ്രവർത്തനം തുടങ്ങിയിട്ടും വയനാട്ടിൽ ഓഫീസ‌് പോലും തുറക്കാത്തതിൽ വോട്ടർമാർക്കും ആശങ്കയുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top